ജനകീയ ഉത്സവമായി മണികിലുക്കം നാടൻപാട്ട് മത്സരം

വടക്കഞ്ചേരി : കലാഭവൻ മണിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച്‌ വോയ്സ് ഓഫ് വടക്കഞ്ചേരി ടൗണില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ അഖിലകേരള നാടൻപാട്ട് മത്സരം ആസ്വദിക്കാനെത്തിയത് ആയിരകണക്കിനാളുകള്‍. അതിർവരമ്പുകളില്ലാതെയായിരുന്നു നാടൻകലാസ്വാദകരുടെ പ്രവാഹം. മണ്ണിന്‍റെ മണവും നാടിന്‍റെ നന്മകളും അധ്വാനത്തിന്‍റെ വിലയുമുള്ള നാടൻപാട്ട് കലാകാരൻമാരെ പ്രോത്സാഹിപ്പിക്കാൻ ബസ് സ്റ്റാൻഡിലെ നാട്ടരങ്ങ് വേദിക്കു മുന്നില്‍ തിക്കിത്തിരക്കിയാണ് ജനമെത്തിയത്. ലഹരിക്കെതിരെയുള്ള ഉണർത്തുപാട്ടുകൂടിയായിരുന്നു നാടൻപാട്ട് വേദി. നാട്ടില്‍ ഇത്തരം സാംസ്കാരിക പരിപാടികളുടെ അഭാവമാണ് യുവാക്കള്‍ ലഹരിക്കു പിന്നാലെ പോകാൻ കാരണമാകുന്നതെന്ന് ഉദ്ഘാടന, സമാപന സമ്മേളനങ്ങളില്‍ പ്രസംഗിച്ചവരും ചൂണ്ടിക്കാട്ടി. അതും സാധാരണക്കാരുടെ മനസില്‍ ഇന്നും ജീവിക്കുന്ന കലാഭവൻ മണിയുടെ ഓർമകളുണർത്തുന്ന പരിപാടി കൂടിയായപ്പോള്‍ സംഘാടകരെ പോലും അതിശയിപ്പിച്ച കാണികളാണ് തിങ്ങിനിറഞ്ഞത്. കലാഭവൻ മണിയുടെ സഹോദരനും കേരള കലാമണ്ഡലം അസിസ്റ്റന്‍റ് പ്രഫസറുമായ ആർഎല്‍വി രാമകൃഷ്ണൻ പരിപാടിയില്‍ എത്തിയതും ആസ്വാദകരുടെ ആവേശം വാനോളമെത്തിച്ചു. കാസർഗോഡ് ബന്തടുക്ക മതറു അമ്മ കലാസാംസ്കാരിക സമിതിയുടെ നാടൻപാട്ടിനായിരുന്നു 50,000 രൂപയുടെ ഒന്നാം സമ്മാനവും ട്രോഫിയും ലഭിച്ചത്.തൃശൂർ അടാട്ട് ഫോക്ക് ബാൻഡ് കതിരോല ടീം 25,000 രൂപയും ട്രോഫിയുമായി രണ്ടാംസ്ഥാനവും കരസ്ഥമാക്കി. എറണാകുളം കുമ്പളം ശക്തി ടീം 10000 രൂപയും ട്രോഫിയുമായി മൂന്നാം സ്ഥാനം നേടി. ഒറ്റ മണ്ണാർക്കാട്, ശേഖരിപുരം കളിക്കൂട്ടം എന്നീ ടീമുകള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അർഹരായി. സിനിമാതാരങ്ങളായ ബിബിൻ ജോർജ്, ജെയ്സ് ജോസ് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപന സമ്മേളനം മുൻമന്ത്രി കെ. ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. മോഹനൻ പള്ളിക്കാട് അധ്യക്ഷത വഹിച്ചു. പൊറാട്ടുകലാകാരൻ എരിമയൂർ രാമകൃഷ്ണൻ, ജനാർദനൻ പുതുശേരി, പഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരായ പി. ഗംഗാധരൻ, കെ.ബാലൻ മറ്റു ഭാരവാഹികളായ കെ.പി.സണ്ണി, വിപിൻദാസ്, ഷിബു മംഗലം എന്നിവർ പ്രസംഗിച്ചു.