വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോൾ പിരിവ് ആരംഭിച്ചിട്ട് ഞായറാഴ്ച മൂന്ന് വർഷം തികഞ്ഞു

“വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസ്സയിൽ ടോൾ പിരിവ് ആരംഭിച്ചിട്ട് ഞായറാഴ്ച മൂന്ന് വർഷം തികഞ്ഞു.ഇത് വരെ 650 കോടിയോളം രൂപ ടോൾ ഇനത്തിൽ പിരിച്ചെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.2022 മാർച്ച് 9 നാണ് നിരവധി പ്രതിഷേധങ്ങൾക്കിടെ ടോൾ പിരിവ് ആരംഭിച്ചത്. ഇത് വരെ നാല് തവണ ടോൾ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു.2022 ഏപ്രിൽ, നവംബർ മാസങ്ങളിലും, 2023 ലും 2024 ലും ഏപ്രിൽ മാസത്തിലുമാണ് ടോൾ നിരക്ക് വർദ്ധിപ്പിച്ചത്.ഈ വർഷം ഏപ്രിലിലും നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് കരാർ കമ്പനി. ഓരോ തവണയും മൂന്ന് മുതൽ അഞ്ച് ശതമാനം വരെ വർദ്ധനവാണ് വരുത്തുന്നത്.പ്രതിദിനം 50 മുതൽ 60 ലക്ഷം രൂപ വരെ ടോൾ പ്ലാസ്സയിൽ ലഭിക്കുന്നുണ്ട് എന്നതാണ് കണക്ക്. അങ്ങനെയെങ്കിൽ മൂന്ന് വർഷം കൊണ്ട് കരാർ കമ്പനി ഇത് വരെ പിരിച്ചെടുത്തത് 657 കോടി രൂപയാണെന്ന് വ്യക്തമാകും.10 വർഷത്തെക്കാണ് നിലവിൽ ടോൾ പിരിക്കാൻ കരാർ കമ്പനിക്ക് അനുമതി നല്കിയിരിക്കുന്നത്.ഈ നിരക്കിൽ തന്നെ പിരിവ് നടത്തുകയാണെങ്കിൽ 10 വർഷം കൊണ്ട് 2200 കോടി രൂപയെങ്കിലും പിരിച്ചെടുക്കും.ഓരോ വർഷവും നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് സംഖ്യ ഇതിലും വർദ്ധിക്കാനാണ് സാധ്യത. 1064 കോടി രൂപയാണ് കുതിരാൻ തുരങ്കമുൾപ്പെടെ ദേശീയപാത നിർമ്മാണത്തിനായി ചെലവഴിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.അങ്ങിനെയെങ്കിൽ ചിലവഴിച്ച തുകയുടെ ഇരട്ടിയോളം 10 വർഷം കൊണ്ട് പിരിച്ചെടുക്കാനാണ് സാധ്യത. ടോൾ പിരിക്കുന്ന കാലയളവിൽ ദേശീയപാതയുടെ പരിപാലന ചുമതലയും കരാർ കമ്പനിക്കാണ്. എന്നാൽ ഇത് കൃത്യമായി നടപ്പിലാക്കുന്നില്ല.”