നെന്മാറ മേഖലയില്‍ പരക്കെ വേനല്‍മഴ

“മേഖലയില്‍ പരക്കെ ചെറിയതോതില്‍ വേനല്‍ മഴ പെയ്തു. അന്തരീക്ഷ താപനില ചെറിയതോതില്‍ താഴ്ന്ന് ചൂടിന് ആശ്വാസമായി.കൊയ്ത്തു തുടങ്ങിയ നെല്‍കർഷകർ നെല്ലും വൈക്കോലും നനഞ്ഞ ആശങ്കയും പങ്കുവെച്ചു. ശക്തമായ മഴയല്ലെങ്കിലും ചെറിയതോതില്‍ പെയ്ത മഴ പൊടിപാറുന്ന സ്ഥലങ്ങളിലും ആശ്വാസം നല്‍കി. വേനല്‍മഴ ഉത്സവകമ്മിറ്റികളെയാണ് ആശങ്കയിലാക്കിയത് വരുംദിവസങ്ങളില്‍ നടക്കുന്ന വേല, പൂരം, കുമ്മാട്ടി എന്നീ ഉത്സവങ്ങള്‍ക്കും വെടിക്കെട്ടിനും തടസമാവുമോ എന്ന ആശങ്കയും വിവിധ ദേശക്കാർ പങ്കുവെച്ചു. വേനല്‍മഴയായതിനാല്‍ ഒന്നോ രണ്ടോ മഴപെയ്തതിനു ശേഷം വീണ്ടും ശക്തമായ ചൂട് ഉണ്ടാവാനുള്ള സാധ്യതയും പകർച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യതയും ആരോഗ്യ മേഖലയിലുള്ളവർ പറഞ്ഞു. രാത്രിയോടെ തണുത്ത കാറ്റ് വീശുന്നതിനാല്‍ അന്തരീക്ഷ താപനില കുറഞ്ഞത് വേനല്‍ചൂടില്‍ നിന്ന് ആശ്വാസമാവുന്നുണ്ട്. കൂടുതല്‍ ശക്തമായ വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ കുംഭമാസത്തിലെ കിഴങ്ങുവർഗവിളകള്‍ കൃഷി ആരംഭിക്കുകയുള്ളൂ. നെല്ലിയാമ്ബതിയും മേഖലയിലും വേനല്‍മഴ ലഭിച്ചുവെങ്കിലും ശക്തമായ മഴ ഉണ്ടായില്ല. സന്ധ്യയോടെ പെയ്ത വേനല്‍ മഴയില്‍ വിവിധ പ്രദേശങ്ങളില്‍ മഴവില്ലിന്‍റെ വർണക്കാഴ്ചയും ഒരുക്കി.”