വിഷുവിന് മുമ്പേ പടക്കം ഓണ്‍ലൈനില്‍; സുരക്ഷ ഇനിയും അകലെ.

വടക്കഞ്ചേരി: വിഷുപിപണിയിലേക്ക് ശിവകാശി പടക്കങ്ങള്‍ ഓണ്‍ലൈനില്‍
വിപണി തുറന്നു. തമിഴ്‌നാട്ടില്‍ നിന്ന് നിരവധി ലോഡ് നിലവാരമില്ലാത്ത പടക്കമാണ് കേരളത്തിലേക്ക് ഓണ്‍ലൈന്‍ ബുക്കിംങിലൂടെ എത്തുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ദീപാ വലിക്കും മറ്റും നിർമിച്ച പഴയ സ്റ്റോക്കാണ് ഓണ്‍ലൈനിലൂടെ ആവശ്യപ്പെടുന്ന സാധനങ്ങള്‍ പാര്‍സല്‍ വണ്ടികളിലും, കൊരിയര്‍ വാഹനങ്ങളിലുമായാണ് ഉപഭോക്താള്‍ക്കും ആവശ്യക്കാര്‍ക്കും എത്തുന്നത്.

ഇതുവഴി സര്‍ക്കാരിനും വലിയ ഇനത്തില്‍ നികുതി നഷ്ടമാകുന്നുണ്ടെന്ന് വടക്കഞ്ചേരി മേഖലയിലെ പടക്കകച്ചവടക്കാര്‍ പറയുന്നു. പടക്കം ഓണ്‍ലൈനില്‍ വില്‍ക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് 2018 ല്‍ തന്നെ ഹൈക്കോടതിയും, സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം എതിരായിട്ടുപോലും ഇപ്പോഴും ഓണ്‍ലൈനില്‍ വില്‍പ്പന തകൃതിയായി നടക്കുകയാണ്.

ഉപഭോക്താക്കളെ ശരിക്കും പറ്റിക്കും വിധമാണ് കച്ചവടം യാതൊരു നിലവാരമില്ലാത്ത പടക്ക മാണ് ഓണ്‍ലൈനില്‍ എത്തുന്നത്. വലിയ സുരക്ഷ വീഴ്ച്ചയാണ് ഇതിലുണ്ടാകുന്നത്. പടക്കങ്ങള്‍ സാധാരണ പാര്‍സല്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ് യാത്രാബസ്സിലും, പാര്‍സല്‍ ലോറികളിലുമുള്‍പ്പെടെ ഉപഭോക്താക്കള്‍ക്ക് എത്തുന്നത്.

പാലക്കാടന്‍ ചൂടില്‍ സമ്മര്‍ദ്ദം കൂടുന്നതിനാല്‍ തീപ്പിടിക്കാനുള്ള സാധ്യതകള്‍ കൂടുതലാകുന്നതിനാല്‍ വലിയ അപകട ഭീഷണിയാണ് ഉണ്ടാകുന്നത്. എന്നാല്‍ സാധാരണ രീതിയില്‍ പടക്കം വിപണനം നടത്തുന്നതിന് വലിയ നിയമപ്രശ്‌നങ്ങളുണ്ട്. അഗ്നി രക്ഷാസേനയുടെയും, എക്‌സ്‌പോസീവ് വിഭാഗത്തിന്റെയും, വലിയ സുരക്ഷിതമായ സംഭരണ സൗകര്യവും, തുടങ്ങി നിരവധി കടമ്പകള്‍ കടന്നുവേണം ലൈസന്‍സ് നേടുവാന്‍ എന്നിരിക്കെ ഓണ്‍ലൈന്‍ വിപണി വലിയ തുക സര്‍ക്കാരിലേക്ക് നല്‍കി കച്ചവടം നടത്തുന്നവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

അപകട സാധ്യത വര്‍ധിച്ചതും, നിയമരഹിതവുമായ പടക്കകച്ചവടം ഓണ്‍ലൈനില്‍ നടത്തുന്നത് കര്‍ശനമായി തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് വടക്കഞ്ചേരി മേഖലയിലെ കച്ചവടക്കാര്‍ പറയുന്നത്.