നെന്മാറ: പോത്തുണ്ടി തിരുത്തമ്പാടം ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയായി. അടുത്തയാഴ്‌ച ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകും. കുറ്റപത്രം നൽകുന്നതോടെ കേസ് വിചാരണയ്ക്കായി പാലക്കാട് സെഷൻസ് കോടതിയിലേക്ക് മാറ്റും.
തിരുത്തമ്പാടം സുധാകരനെയും അമ്മ ലക്ഷ്‌മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയിട്ട് 27-ന് രണ്ടുമാസം പൂർത്തിയാകും. 50 ദിവസത്തിനകം കുറ്റപത്രം നൽകുമെന്നാണ് അന്വേഷണസംഘം ആദ്യഘട്ടത്തിൽ വ്യക്തമാക്കിയത്.
തൃശ്ശൂർ മേഖലാ ഡിഐജി ഹരിശങ്കർ, ജില്ലാ പോലീസ് മേധാവി അജിത്‌കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ആലത്തൂർ ഡിവൈഎസ്പി എൻ. മുരളീധരനാണ് അന്വേഷണോദ്യോഗസ്ഥൻ. പോലീസ് ഫൊറൻസിക് ലാബ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ രാസപരിശോധനാഫലം ലഭിച്ചു.
കേസിൽ എട്ടുസാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മൊത്തം നൂറോളം സാക്ഷികളുള്ളതിൽ എട്ടുപേരുടേത് മാത്രമാണ് രഹസ്യമൊഴിയായി രേഖപ്പെടുത്തുക. വിചാരണസമയത്ത് സാക്ഷികൾ കൂറുമാറുന്നതും മൊഴിമാറ്റുന്നതും പ്രോസിക്യൂഷന് പ്രശ്‌നമാകാതിരിക്കാനാണിത്.
ചെന്താമര അയൽവാസി സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊന്നതിന് ദൃക്‌സാക്ഷികളായവരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വയൽവരമ്പിൽ ആട് മേയ്ച്ചുകൊണ്ടുനിൽക്കുമ്പോൾ കൊലപാതകം തൊട്ടടുത്തുനിന്ന് കണ്ടയാളും ഇതിൽ ഉൾപ്പെടും. ദൃക്സാക്ഷികളെ വിചാരണസമയത്ത് കോടതിയിലെത്തിക്കാനാണ് പോലീസിൻ്റെ ശ്രമം. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടില്ല.
Similar News
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി 3 മംഗലംഡാം സ്വദേശികൾ പിടിയിൽ.
വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്.