മംഗലംഡാമിൽ നിന്ന് 2,300 തേക്കിൻ തടികൾ ലേലത്തിന്.

മംഗലംഡാം: മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള തേക്ക് പ്ലാന്റേഷനിൽ നിന്നുള്ള 2,308 തേക്കിൻതടികൾ ഏപ്രിൽ മുതൽ ലേലത്തിന്. നിലവിൽ 1,794 തേക്ക് മുറിച്ച് തടികൾ വാളയാറിലെ വനംവകുപ്പിന്റെ ഡിപ്പോയിലെത്തിച്ചു. 60 വർഷത്തിലേറെ വളർച്ചയെത്തിയ മരങ്ങളാണ് മുറിക്കുന്നത്.

തേക്കിനുപുറമേ, ഈട്ടി, മരുത് തുടങ്ങിയ മരങ്ങളും മുറിക്കും. 10.9 ഹെക്‌ടറിലെ 2,683 മരങ്ങളാണ് ആകെ മുറിക്കുന്നത്. മരങ്ങളുടെ ലേലത്തിലൂടെ 15 കോടിയോളം രൂപ സർക്കാരിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

mstcecommerce.com എന്ന വെബ്സൈറ്റ് വഴിയാണ് ലേലനടപടികൾ. താത്പര്യമുള്ളവർ ഓൺലൈനിൽ രജിസ്റ്റർചെയ്യണം. തടികളുടെ കുറച്ചുശേഖരം ഡിപ്പോയിൽ നിന്ന് നേരിട്ടുള്ള വിൽപ്പനയ്ക്കും നീക്കിവെക്കും. വീടുനിർമാണത്തിനും മറ്റുമുള്ള ചെറിയ ആവശ്യങ്ങൾക്കായി ആളുകൾക്ക് നേരിട്ടെത്തി നിർമാണ പെർമിറ്റിന്റെ പകർപ്പ് സമർപ്പിച്ച് തടിവാങ്ങാം.

ഏപ്രിൽ രണ്ടാമത്തെ ആഴ്‌ച മുതൽ ലേലം ആരംഭിക്കാനാണ് പദ്ധതിയെന്ന് വാളയാർ ഡിപ്പോ അധികൃതർ പറഞ്ഞു. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനുകീഴിൽ 422 ഹെക്ടർ തേക്ക് പ്ലാൻ്റേഷനാണുള്ളത്. വരുംവർഷങ്ങളിൽ ഘട്ടംഘട്ടമായി മരങ്ങൾ മുറിക്കുമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.

മേയ് മാസത്തിനുള്ളിൽ ആദ്യഘട്ട മരംമുറി പൂർത്തിയാക്കി മഴക്കാലത്ത് തേക്കിൻ തൈകൾ നടാനാണ് ലക്ഷ്യം. 1961-65 വർഷങ്ങളിൽ യുടിടി കമ്പനിയാണ് മംഗലംഡാമിൽ തേക്ക് പ്ലാന്റേഷൻ ആരംഭിച്ചത്. ഭൂപരിഷ്‌കരണനിയമം വന്നതോടെ ഇവ വനംവകുപ്പിൻ്റേയായി മാറുകയായിരുന്നു.