ജോയിന്റിലെ കോൺക്രീറ്റ് ഇളകി; വടക്കഞ്ചേരി മേല്പാലത്തിൽ വീണ്ടും കുത്തിപ്പൊളിക്കൽ

“വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിൽ ജോയിന്റിൽ വീണ്ടും തകർച്ച. ഇതോടെ കുത്തിപ്പൊളിച്ച് നന്നാക്കൽ തുടങ്ങി. തൃശ്ശൂർദിശയിലേക്കുള്ള പാലത്തിലാണ്‌ കുത്തിപ്പൊളിക്കൽ. ഈ ഭാഗത്ത് ഒരു വരിയായാണിപ്പോൾ ഗതാഗതം.രണ്ടാഴ്ച മുൻപാണ്‌ ജോയിന്റിലെ കോൺക്രീറ്റ് ഇളകി വിള്ളലുണ്ടായത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കോൺക്രീറ്റ് ഘട്ടംഘട്ടമായി അടർന്നുതുടങ്ങി. ഇതോടെയാണ് കുത്തിപ്പൊളിച്ച് നന്നാക്കാനാരംഭിച്ചത്.2021-ൽ മേല്പാലം ഗതാഗതത്തിനായി തുറന്നശേഷം എൺപതോളം തവണ വിവിധ ജോയിന്റുകൾ തകരാറിനെത്തുടർന്ന്‌ നന്നാക്കിയിരുന്നു. ഇനിയും ശാശ്വത പരിഹാരമാകാത്തതിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്.36 ജോയിന്റുകളാണ് വടക്കഞ്ചേരി മേൽപ്പാലത്തിനുള്ളത്. പാലത്തിൽ കോൺക്രീറ്റ് ബീമുകൾചേരുന്ന ഭാഗമാണ് ജോയിന്റുകൾ. ഇരുമ്പുപാളികൾ ഘടിപ്പിച്ച് കോൺക്രീറ്റ് ചെയ്താണ് ബീമുകൾ ബന്ധിപ്പിക്കുന്നത്. നിശ്ചിതകാലാവധി കഴിയുമ്പോൾ ജോയിന്റുകളിലെ കോൺക്രീറ്റ് ഇളകുമെന്നും കുത്തിപ്പൊളിച്ചശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുകയാണ്‌ പരിഹാരമെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു.എന്നാൽ, പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ചുരുക്കം ജോയിന്റുകൾമാത്രമേ കുത്തിപ്പൊളിച്ച്‌ നന്നാക്കേണ്ടി വന്നിട്ടുള്ളൂ. തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ നിർമാണഘട്ടത്തിലുണ്ടായ അപാകമാകാം ഇടയ്ക്കിടെ ജോയിന്റുകൾ തകരാനിടയാക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വിശദ പരിശോധന നടത്തി പ്രശ്നത്തിന്‌ ശാശ്വതപരിഹാരം കാണണമെന്ന്‌ വിവിധ സംഘടനകൾ ദേശീയപാതാ അതോറിറ്റിക്ക്‌ കത്തുനൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല”