വടക്കഞ്ചേരി പന്തലാംപാടം പെട്രോള്‍ പമ്പിലെ മോഷണം; പ്രതികള്‍ പിടിയില്‍.

വടക്കഞ്ചേരി: പെട്രോള്‍ പമ്പിലെ മോഷണത്തില്‍ പ്രതികള്‍ പിടിയിലായി. പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് കോഴിക്കോട് വെച്ച് പിടിയിലായത്. കോഴിക്കോട് പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവര്‍ നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിക്കാന്‍ എറണാകുളത്തു നിന്നും മോഷ്ടിച്ച ബൈക്കും പോലീസ് കണ്ടെത്തി.

ദേശീയപാതയില്‍ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ബൈക്കിലെത്തിയവര്‍ പണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. മാസ്‌ക് ധരിച്ച് ബൈക്കില്‍ പമ്പിലെത്തിയ രണ്ടു പേര്‍ പെട്രോള്‍ അടിക്കുന്ന സ്ഥലത്തെത്തി ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. 48380 രൂപയടങ്ങിയ ബാഗാണ് കവര്‍ന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 12.50 നാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. വാഹനം കേന്ദ്രീകരിച്ച് വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് കവര്‍ച്ചാസംഘം വടക്കഞ്ചേരിയില്‍ എത്തിയതെന്ന് തെളിഞ്ഞിരുന്നു. ബൈക്കിന്റെ ഉടമയുടെ മേല്‍വിലാസം പൊലീസ് പരിശോധിച്ചപ്പോഴാണ് എറണാകുളമെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ ബൈക്ക് ഇന്നലെ മോഷണം പോയതായി തെളിഞ്ഞിരുന്നു.