കെഎസ്ആർടിസി കനിഞ്ഞില്ല, കാരപ്പാറയിലേക്ക് സ്വകാര്യബസ് സർവീസ് തുടങ്ങി

പ്രളയത്തിനും കോവിഡിനുംശേഷം നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസിനുപകരം സ്വകാര്യബസ് സർവീസ് തുടങ്ങി. നെല്ലിയാമ്പതി തോട്ടംമേഖലയുടെ വാലറ്റപ്രദേശമായ കാരപ്പാറയിലേക്കാണ്‌ സ്വകാര്യബസ് സർവീസ് തുടങ്ങിയത്.2018-ലെ പ്രളയത്തെത്തുടർന്നാണ് ഈ ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയത്. പിന്നീട് സർവീസ് തുടങ്ങിയെങ്കിലും കോവിഡ്കാലത്തിനുശേഷം ഈ ഭാഗത്തേക്ക് ഒരു സർവീസ് മാത്രമായി ചുരുക്കി. ഇതോടെ, കാരപ്പാറ, ലില്ലി, വിക്ടോറിയ, പകുതിപ്പാലം ഭാഗങ്ങളിലെ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും യാത്ര ദുരിതമായി.വനത്തിലൂടെയും തോട്ടങ്ങളിലൂടെയും എട്ടുകിലോമീറ്ററോളം നടന്ന്‌ നൂറടിയിലെത്തിവേണം ബസ് കയറാൻ. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തും നെല്ലിയാമ്പതി വികസനസമിതിയും വിവിധ രാഷ്ട്രീയപാർട്ടികളും പരാതി നൽകിയെങ്കിലും കെഎസ്ആർടിസി ബസ് സർവീസ് ഏഴുവർഷമായിട്ടും പുനഃസ്ഥാപിച്ചില്ല. ബസ് സർവീസില്ലാത്തിനാൽ കാരപ്പാറയിൽനിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയായതിനാൽ മിക്കവരും തുടർച്ചയായി സ്കൂളിലും പോകാതായി.വൈകീട്ട് നാലുമണിക്കുള്ള കെഎസആർടിസി ബസിനുശേഷം നെല്ലിയാമ്പതിയിൽനിന്ന്‌ ബസ് സർവീസില്ലാത്തിനാൽ നെല്ലിയാമ്പതിയിലെ വിവിധ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുൾപ്പെടെ നാലുമണിക്കുള്ള ബസിലാണ് നെന്മാറയിലേക്ക്‌ വരുന്നത്.ഇതേത്തുടർന്ന് നെല്ലിയാമ്പതി വികസനസമിതി ചെയർമാൻ അബ്ദുൾ റഷീദ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറിക്ക്‌ സ്വകാര്യബസ് സർവീസ് നടത്തുന്നതിനു പെർമിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്വകാര്യബസിന് പെർമിറ്റ് അനുവദിച്ചത്.