പന്നിയങ്കര ടോൾ: പത്തുകിലോമീറ്റർ പരിധിയിൽ സൗജന്യംവേണം, പോസ്റ്ററൊട്ടിച്ച് പ്രതിഷേധം

പന്നിയങ്കര ടോൾകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക്‌ സൗജന്യം വേണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ജനകീയവേദി ടോൾകേന്ദ്രത്തിൽ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചു. 10 കിലോമീറ്റർ ദൂരത്തിലുള്ള 12 സ്ഥലങ്ങൾ രേഖപ്പെടുത്തി ഇവ പരിധിയായി നിശ്ചക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററാണ് ഒട്ടിച്ചത്. 7.5 കിലോമീറ്റർ ചുറ്റളവിൽ സൗജന്യം നൽകാമെന്നാണ് കരാർകമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ, 10 കിലോമീറ്ററിൽ സൗജന്യം ലഭിച്ചാലേ ആറുപഞ്ചായത്തുകളിലുള്ളവർക്ക് പ്രയോജനം ലഭിക്കൂയെന്ന് ജനകീയവേദി പ്രതിനിധികൾ പറഞ്ഞു.നേരത്തേ കെ. രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി യോഗത്തിലാണ് 7.5 കിലോമീറ്റർ സൗജന്യം നൽകാമെന്ന്‌ കരാർകമ്പനി അറിയിച്ചത്. ഈ നിർദേശം സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചപ്പോൾ 10 കിലോമീറ്റർ വേണമെന്ന ആവശ്യം ഉയർന്നതോടെ അന്തിമതീരുമാനമെടുത്തില്ല. 7.5 കിലോമീറ്ററിനും 10 കിലോമീറ്ററിനും ഇടയിലുള്ള പ്രധാനസ്ഥലങ്ങൾ പരിധിയായി നിശ്ചയിച്ച് സൗജന്യം അനുവദിക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത്‌ കരാർകമ്പനി അംഗീകരിച്ചിട്ടില്ല.നിലവിൽ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്ക്‌ ടോൾകേന്ദ്രത്തിൽ സൗജന്യം നൽകുന്നുണ്ട്. ഇത് ഏപ്രിൽ ഒന്നുമുതൽ പിൻവലിക്കുമെന്നാണ്‌ കരാർകമ്പനി അറിയിച്ചത്.ജനകീയവേദി ചെയർമാൻ ബോബൻ ജോർജ്, സി.കെ. അച്യുതൻ, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, ജീജോ അറയ്ക്കൽ, ഷിബു ജോൺ, സലീം തണ്ടലോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പോസ്റ്ററൊട്ടിച്ചത്.