മരുന്നുകള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍

കാലാവധി കഴിഞ്ഞതും ഭാഗികമായി ഉപയോഗിച്ചതുമായ മരുന്നുകള്‍ വഴിയരികില്‍ അലക്ഷ്യമായി ഉപേക്ഷിച്ച നിലയില്‍.നെന്മാറ- അടിപ്പെരണ്ട റോഡില്‍ തിരുവഴിയാട് പാലത്തിനു സമീപമാണ് നൂറുകണക്കിനു കുപ്പികള്‍ അടങ്ങിയ മരുന്നുകള്‍ ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കരള്‍ചികിത്സക്കും ശസ്ത്രക്രിയക്കുശേഷം ആരോഗ്യം വീണ്ടെടുക്കാനും ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള മരുന്നുകളാണ് അധികവും കാണപ്പെട്ടത്. കുടിവെള്ളത്തിലും മണ്ണിലും കലർന്ന് രാസപ്രവർത്തനങ്ങള്‍ നടന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ കഴിയുന്ന മരുന്നുകളാണ് അശ്രദ്ധമായി വഴിയരികില്‍ ഉപേക്ഷിച്ചിരിക്കുന്നത്. ഏതെങ്കിലും ആശുപത്രികളിലോ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ഉപേക്ഷിച്ചവയോ ആശുപത്രി മാലിന്യങ്ങള്‍ സംസ്കരണത്തിനു കൊണ്ടുപോകുന്ന വാഹനങ്ങളില്‍നിന്ന് വീണുപോയതോ ആയിരിക്കാമെന്നു സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.