“പന്നിയങ്കര ടോള്‍ പ്ലാസയുടെ ഏഴര
കിലോമീറ്റർ പരിധിയിലുള്ള പ്രദേശവാസികള്‍ക്ക് സൗജന്യ യാത്രയെന്ന നിലപാടില്‍ ടോള്‍ കമ്ബനിയും പത്തു കിലോമീറ്റർ വരെ സൗജന്യം വേണമെന്ന ആവശ്യത്തില്‍ സംയുക്ത സമരസമിതിയും ഉറച്ചു നില്‍ക്കുന്നതിനിടെ ടോള്‍ കമ്ബനിയുമായി ഭരണ നേതൃത്വത്തിന് രഹസ്യ ധാരണയെന്ന ആരോപണം ശക്തമാകുന്നു.ടോള്‍ പ്ലാസയുടെ ഏഴര കിലോമീറ്റർ വായു ദൂരത്തിലുള്ളവർക്ക് സൗജന്യ പാസ് അനുവദിക്കാൻ തയ്യാറായി ടോള്‍ കമ്ബനി നിർദിഷ്ട പ്രദേശത്തെ വാഹന ഉടമകളില്‍ നിന്നും ആർ.സി ബുക്കിന്റെ പകർപ്പും രണ്ട് തിരിച്ചറിയല്‍ രേഖകളുടെ കോപ്പികളും വാങ്ങുന്നുണ്ട്. സൗജന്യമില്ല എന്ന നിലയില്‍ നിന്ന് വിട്ടുവീഴ്ച്ച ചെയ്തു എന്ന് കമ്ബനി വാദിക്കുന്നു. എന്നാല്‍ 10 കിലോമീറ്റർ ദൂരപരിധിയിലുള്ളവർക്ക് സൗജന്യ യാത്ര നല്‍കണമെന്ന ആവശ്യം കമ്ബനി ശ്രദ്ധിക്കുന്നേയില്ല.വടക്കഞ്ചേരി മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ 7.5 കിലോമീറ്റർ ചുറ്റളവിലുള്ള വർക്ക് സൗജന്യമെന്ന നിർദേശം പ്രദേശവാസികള്‍ ചേർന്ന് രൂപവത്കരിച്ച പന്തലാംപാടം സംയുക്ത സമരസമിതിയാണ് അംഗീകരിച്ചത്. കെ.രാധാകൃഷ്ണൻ എം.പിയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശമുണ്ടായത്. തുടർന്ന് 7.5 കിലോമീറ്റർ ദൂരപരിധി അംഗീകരിച്ചതായി കാണിച്ച് എം.പി, എം.എല്‍.എ, കളക്ടർ, കരാർ കമ്ബനി എന്നിവർക്ക് സമരസമിതി കത്ത് നല്കി. കഴിഞ്ഞ വെള്ളിയാഴ്ച ആറംഗ കമ്മിറ്റിയിലെടുത്ത ഏഴര കിലോമീറ്റർ നിർദേശം പിന്നീട് സർവകക്ഷി യോഗത്തില്‍ അവതരിപ്പിച്ചപ്പോള്‍ 10 കിലോമീറ്റർ സൗജന്യം വേണമെന്ന് ജനകീയ സമരസമിതിയും ചില രാഷ്ട്രീയ കക്ഷികളും ഉന്നയിച്ചു.ഇതോടെ 7.5 കിലോമീറ്ററിനും 10 കിലോമീറ്ററിനുമിടയിലുള്ള പ്രധാന സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി സൗജന്യപരിധി നിശ്ചയിക്കാൻ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തെങ്കിലും കരാർ കമ്ബനി അംഗീകരിച്ചില്ല. ഈ മാസം 25നകം വിഷയത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആർക്കും സൗജന്യമില്ലെന്ന നിലപാടിലാണ് ടോള്‍ കമ്ബനി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍