ആദിവാസിയുവതിക്ക് വഴിയരികില്‍ പ്രസവശുശ്രൂഷ നല്‍കിയവരെ ആദരിച്ചു

ആദിവാസിയുവതി വഴിയരികില്‍ പ്രസവിച്ച സംഭവത്തില്‍ ശുശ്രൂഷ നല്‍കിയ ആശാപ്രവർത്തകരെയും പഞ്ചായത്ത് അംഗത്തെയും അയിലൂർ കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു.സമയോചിതമായ ഇടപെടല്‍ നടത്തിയതിനും സാമൂഹികപ്രതിബദ്ധതയോടെ വനമേഖലയില്‍ ഓടിയെത്തി ജീവൻ രക്ഷാപ്രവർത്തനത്തില്‍ സമൂഹത്തിന് മാതൃകയായിതീർന്നതിനാണ് ആശാപ്രവർത്തകരായ മിനി സാബു, ഷക്കീല അഷറഫ്, പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ് കുട്ടി എന്നിവരെ ആദരിച്ചത്. മെഡിക്കല്‍ ഓഫീസർ ബിജിഷ, ഹെല്‍ത്ത് ഇൻസ്പെക്ടർ പത്മജ, എല്‍എച്ച്‌ഐ ആൻസി എന്നിവർ പ്രസംഗിച്ചു. ജെഎച്ച്‌ഐമാർ, ജെപിഎച്ച്‌എൻമാർ തുടങ്ങിയ ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു. ഡിസംബർ 29ന് വണ്ടാഴി പഞ്ചായത്തിലെ തളികക്കല്ല് ആദിവാസി നഗറിലെ അനീഷിന്‍റെ ഭാര്യ സലീഷ (24) പ്രസവവേദനയെ തുടർന്ന് വനമേഖലയില്‍നിന്നു പുറത്തേക്ക് വരുന്ന വഴി അയിലൂർ പഞ്ചായത്തിലെ നേർച്ചപ്പാറയ്ക്കടുത്ത് വനമേഖലയില്‍ വഴിയരികില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. അയിലൂർ പഞ്ചായത്ത് അംഗം കെ.എ. മുഹമ്മദ് കുട്ടിയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം ആശാപ്രവർത്തകരായ മിനി സാബു, ഷക്കീല അഷറഫ് എന്നിവരെ അറിയിച്ച്‌ കുഞ്ഞിനെയും അമ്മയെയും മലയോരമേഖലയോട് ചേർന്നുള്ള വീട്ടിലെത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കി. തുടർന്ന് എസ്ടി പ്രമോട്ടർ മിനിയുടെ സഹായത്തോടെ പാലക്കാട് ആശുപത്രിയിലേക്ക് ആംബുലൻസില്‍ എത്തിക്കുകയായിരുന്നു.