പാടൂരിൽ കുടിവെള്ളം മുടങ്ങി.

ആലത്തൂർ: കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നടക്കാവ്, പാടൂർ പ്രദേശങ്ങളിൽ ഒരാഴ്‌ചയിലേറെയായി കുടിവെള്ളവിതരണം മുടങ്ങി. വേനൽ കടുത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. 200 വീടുകളിലാണ് കുടിവെള്ളം മുടങ്ങിയത്.

ജലനിധി പദ്ധതിയുണ്ടെങ്കിലും ഇത്രയും വീട്ടുകാർക്ക് വെള്ളമെത്തിക്കാൻ പര്യാപ്തമല്ല. ഗ്രാമപ്പഞ്ചായത്തിന്റെ കുടിവെള്ളപദ്ധതി നിലവിൽവന്നതോടെ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന കിണറുകളും കുളങ്ങളും ഉപയോഗിക്കാതെ കിടക്കുന്നതിനാൽ വെള്ളം ഉപയോഗിക്കാനാകുന്നില്ല.

കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിൻ് പ്രധാന കുടിവെള്ളപദ്ധതിയിൽ നിന്നാണ് ഈ പ്രദേശത്ത് വെള്ളം വിതരണംചെയ്യുന്നത്. ചുണ്ടക്കാട് സംഭരണിയിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്ന വലിയ പൈപ്പ് ആലത്തൂർ-വാഴക്കോട് സംസ്ഥാനപാതയിൽ കല്ലേപ്പുള്ളി കെൽപാമിന് സമീപം പൊട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാതപൊളിച്ച് അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ഓൺലൈനിൽ അപേക്ഷ നൽകിയിട്ടുണ്ട്.

അനുമതി കിട്ടിയാലുടൻ അറ്റകുറ്റപ്പണി നടത്തുമന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ് കുമാറും വാർഡംഗം എ. ആനന്ദകുമാറും പറഞ്ഞു. അറ്റകുറ്റപ്പണി വൈകിയാൽ ടാങ്കർലോറിയിൽ വെള്ളം വിതരണം ചെയ്യുന്നതടക്കമുള്ള ബദൽസംവിധാനം ഏർപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സ്വകാര്യ കിണറുകളിൽനിന്ന് വെള്ളം ശേഖരിക്കാൻ പാടുപെടുകയാണ് പ്രദേശവാസികൾ.

കുപ്പിവെള്ളവിതരണക്കാരിൽനിന്ന് 20 ലിറ്ററിന്റെ കാനിലുള്ള വെള്ളം വാങ്ങിയാണ് പല വീട്ടുകാരും പാചകംചെയ്യുന്നത്.