നെന്മാറ-ഒലിപ്പാറ റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.

നെന്മാറ: രണ്ടുവർഷമായി നവീകരണപ്രവൃത്തികള്‍ പുരോഗമിക്കാത്ത നെന്മാറ-ഒലിപ്പാറ റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ഇന്നലെയാണ് മണ്ണും, മെറ്റലും റോഡ് റോളറും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച്‌ കുഴികള്‍ അടയ്ക്കുകയും കലുങ്കുകള്‍ക്ക്സമീപം വാഹനങ്ങള്‍ക്ക് അനായാസം സഞ്ചരിക്കാവുന്ന രീതിയില്‍ കയറ്റിറക്കങ്ങളും സൗകര്യമാക്കി നല്‍കിതുടങ്ങിയത്.

കരിങ്കുളം പട്ടുകാട്ട് നിന്നും ഇടിഞ്ഞംകോട് വരെയുള്ള പ്രദേശത്താണ് ഇന്നലെ അറ്റകുറ്റപ്പണി ആരംഭിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് കരാർതൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞദിവസം റോഡ് നവീകരണം മന്ദഗതിയില്‍ നടക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച്‌ കോണ്‍ട്രാക്ടർ നടത്തുന്ന താത്കാലിക പണികള്‍ നിർത്തിപ്പിക്കുകയും പൊതുമരാമത്ത് ദേശീയപാത വിഭാഗം എൻജിനീയർമാരെ വിളിച്ചുവരുത്തി ഗതാഗതസൗകര്യം ഒരുക്കാൻ താത്കാലിക നടപടികള്‍ സ്വീകരിക്കാൻ നാട്ടുകാരുടെ സംഘം നിർദേശിക്കുകയായിരുന്നു.

റോഡ് നവീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞ രണ്ടുവർഷങ്ങള്‍ക്കു മുമ്ബ് തകർന്ന പ്രദേശങ്ങളിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ച നാള്‍ മുതല്‍ നടന്നിരുന്നില്ല. ഇത് ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും നിരവധി വാഹനാപകടങ്ങള്‍ക്കും വഴിയൊരുക്കി.

റോഡിന്‍റെ നവീകരണം ഇഴയുന്നതിനെതിരെ ചക്രസ്തംഭനസമരം, കരാറുകാരന്‍റെ ക്യാമ്ബ് ഓഫീസ് ഉപരോധം, ദേശീയപാത എൻജിനീയറിംഗ് വിഭാഗം ഓഫീസ്, നെന്മാറ എംഎല്‍എ തുടങ്ങി വിവിധ വകുപ്പ് മേധാവികളേയും ഉദ്യോഗസ്ഥരെയും സംഘടനകളും രാഷ്ട്രീയപാർട്ടികളും നിവേദനം നല്‍കുകയും ചെയ്തിരുന്നു.

വാട്ടർ അഥോറിറ്റി തുടങ്ങിയ വിവിധ അധികൃതരുടെയും വീഴ്ചയെ ചൂണ്ടിക്കാണിച്ച്‌ പരസ്പരം പഴിചാരി രണ്ടുവർഷത്തിലേറെയായി റോഡ് പണി തടസപ്പെട്ടിരിക്കുകയായിരുന്നു.