പാലക്കുഴി തിണ്ടില്ലം ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണപുരോഗതി വിലയിരുത്തി.

വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുതപദ്ധതിയുടെ നിർമാണപുരോഗതി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോളുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ഡാം സൈറ്റിലും താഴെ കൊന്നക്കല്‍ കടവിലെ പവർഹൗസ് നിർമാണവും സംഘം പരിശോധിച്ചു.

പാൻ പസഫിക് എൻജിനീയറിംഗ് കമ്പനിയാണ് ഡാം സൈറ്റില്‍ സിവില്‍ വർക്കുകള്‍ ചെയ്യുന്നത്. വിയർഡാമില്‍ നിന്നും കൊന്നക്കല്‍കടവിലുള്ള പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്നതിനായി പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നതിന്‍റെ മുന്നോടിയായി നിർമിച്ചിട്ടുള്ള ആങ്കർ ബ്ളോക്കുകളും ചെങ്കുത്തായ മലഞ്ചെരുവില്‍ കോണ്‍ക്രീറ്റ് തുടങ്ങിയവ എത്തിക്കുവാൻ സ്ഥാപിച്ച ച്യൂട്ട് തുടങ്ങിയവയും ചീഫ് എൻജിനീയർ പ്രസാദ് മാത്യു ഉള്‍പ്പെടുന്ന സംഘം പരിശോധിച്ചു. ഇൻടേക്ക് ഗേറ്റിന്‍റെ പ്രവൃത്തിപുരോഗതിയും വിലയിരുത്തി. പവർ ഹൗസില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്ടർ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന രണ്ട് ടർബൈനുകളും രണ്ട് സ്‌ഫെറിക്കല്‍ വാള്‍വുകളും 10 ടണ്‍ കപ്പാസിറ്റിയുള്ള ക്രെയിനും അടക്കമുള്ളവയുടെ പ്രവൃത്തികളാണ് ത്വരിതഗതിയില്‍ നടന്നുവരുന്നത്.

ജില്ലാപഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്ബനി ലിമിറ്റഡ് ചീഫ് എൻജിനീയർ പ്രസാദ് മാത്യുവിനു പുറമെ അസിസ്റ്റന്‍റ് എൻജിനീയർ ഷാരോണ്‍ സാം, മുണ്ടൂർ ഐആർടിസി കണ്‍സള്‍ട്ടന്‍റ് രാധാഗോപി, സിവില്‍ കോണ്‍ട്രാക്ടറുടെ സൈറ്റ് എൻജിനീയർ ഡോണ്‍ ബോസ്കോ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ വളരെ വേഗതയിലാണ് നടക്കുന്നത്. ഇരുനില പവർഹൗസിന്‍റെ നിർമാണം പൂർത്തിയായി. തടയണയില്‍ നിന്നും 294 മീറ്റർ ദൂരത്തില്‍ ലോപ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തില്‍ ഹൈപ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇനി നടക്കുക.മഴക്കാലം ശക്തിപ്പെടും മുമ്ബേ പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയും ജില്ലാ പഞ്ചായത്തിന്‍റെ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്ബനിയുടെ ചീഫ് എൻജിനീയറും കെഎസ്‌ഇബി റിട്ടയേർഡ് ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു പങ്കുവച്ചു. കുത്തനെയുള്ള മലഞ്ചെരിവില്‍ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ഗലാസികളെ എത്തിച്ചാണ് ഇത് ചെയ്യുക.

വർഷത്തില്‍ 3.78 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതി വഴി ലക്ഷ്യം വച്ചിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബിക്ക് കൈമാറും.ഇതിനായുള്ള പോസ്റ്റുകളും ട്രാൻസ്ഫോർമർ സ്ഥാപിക്കലും നേരത്തെ തന്നെ നടത്തിയിരുന്നു. ജൂണ്‍മുതല്‍ ഏഴ് മാസക്കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളില്‍ ജലലഭ്യതക്കനുസരിച്ചാകും വൈദ്യുതി ഉത്പാദനം. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.