ഗസ്റ്റ്ഹൗസ് വാച്ചറെ മര്‍ദിച്ചതിന് 3 പേര്‍ക്കെതിരേ കേസെടുത്തു.

നെന്മാറ: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിന്‍റെ ഗസ്റ്റ്ഹൗസ് നൈറ്റ് വാച്ചറെ താമസക്കാർ മർദിച്ചതായി പരാതി. നെല്ലിയാമ്പതി ഗവ. ഫാമിലെ ഗസ്റ്റ്ഹൗസില്‍ താമസിക്കാൻ എത്തിയ മൂന്നുകുടുംബങ്ങള്‍ അടങ്ങിയവരാണ് രാത്രി 11 മണിയോടെ ഫാമിന്‍റെ കൃഷിസ്ഥലങ്ങള്‍ ചുറ്റി നടക്കാൻ പുറത്തിറങ്ങിയത് തടഞ്ഞ നൈറ്റ് വാച്ചർ കുമാര (45)നെ അകാരണമായി മർദിച്ചതെന്നാണ് പരാതി.

മർദനമേറ്റ് അവശനായ കുമാരന്‍റെ നിലവിളി കേട്ട പുലയമ്പാറയിലേയും, ഓഫീസ് വളപ്പിലെ വാച്ചറും എത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. പരിക്കേറ്റ വാച്ചർ കുമാരനെ വിദഗ്ധ ചികിത്സയ്ക്കായി നെന്മാറയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗസ്റ്റ്ഹൗസില്‍ താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നാണ് വ്യവസ്ഥ.

ആന, കരടി, പന്നി, പുലി തുടങ്ങിയ മൃഗങ്ങള്‍ രാത്രി സഞ്ചാരമുള്ള പ്രദേശമായതിനാലാണ് ഫാം അധികൃതർ രാത്രി പുറത്തിറങ്ങുന്നത് വിലക്കിയത്. ഈ വിലക്ക് ലംഘിച്ചാണ് താമസക്കാർ മദ്യലഹരിയില്‍ സുരക്ഷ ഇല്ലാത്ത സ്ഥലത്ത് ഇറങ്ങിയതെന്ന് പറയുന്നു. തൊഴിലാളികളുടെ പരാതിയെതുടർന്ന് നെല്ലിയാമ്പതി പാടഗിരി പോലീസ് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി അറിയിച്ചു. വാച്ചറെ മർദിച്ചതില്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഫാം കവാടത്തിന് മുന്നില്‍ രാവിലെ പ്രതിഷേധയോഗം ചേർന്നു.