സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; പൊലീസിന്റെ വീഴ്ച കാരണമാണ് ഞങ്ങള്‍ അനാഥരായത് സുധാകരന്റെ മക്കള്‍.

നെന്മാറ: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് നെന്മാറയില്‍ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ മക്കള്‍. പൊലീസിന്റെ വീഴ്ച കാരണമാണ് തങ്ങള്‍ അനാഥരായത്. തങ്ങളെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കണമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.

ചെന്താമരയ്ക്ക് വധശിക്ഷതന്നെ ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു. ഭയം കൊണ്ടാണ് സാക്ഷികളില്‍ പലരും മൊഴിമാറ്റി പറയുന്നത്. ചെന്താമരയ്ക്ക് ജാമ്യം നല്‍കുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സുധാകരന്റെ മക്കള്‍ വ്യക്തമാക്കി. നെന്മാറ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ചെന്താമരയുടെ മക്കളുടെ പ്രതികരണം.

നെന്മാറ ഇരട്ടക്കൊലക്കേസില്‍ 480 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കുടുംബം തകര്‍ത്തതിന്റെ പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 133 സാക്ഷികളും 30ലേറെ ശാസ്ത്രീയ തെളിവുകളുമാണ് കേസിലുള്ളത്. കേസില്‍ ഒരു ദൃക്‌സാക്ഷിമാത്രമാണുള്ളത്. സുധാകരന്റെ മാതാവ് ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടെന്ന ദൃക്‌സാക്ഷി ഗിരീഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും.

ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷമായിരുന്നു സുധാകരനേയും അമ്മയേയും ചെന്താമര വെട്ടിക്കൊന്നത്.