നിർമാണം പൂർത്തിയായിട്ട് 5 വർഷമായിട്ടും ചിറ്റിലഞ്ചേരിയിലെ നിറ സ്റ്റോർ ഇനിയും തുറന്നില്ല.

ചിറ്റിലഞ്ചേരി: കർഷകർക്ക് സഹായകമായി ചിറ്റിലഞ്ചേരി പാറയ്ക്കൽകാട്ടിൽ നിർമിച്ച നിറ സ്റ്റോർ അഞ്ചുവർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. ആലത്തൂർ നിയോജക മണ്ഡലത്തിലെ കാർഷികവികസന പദ്ധതിയായ നിറയുടെ ഭാഗമായാണ് മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ ചിറ്റിലഞ്ചേരിയിൽ നിറ സ്റ്റോർ നിർമിച്ചത്.

കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും കാർഷികാവശ്യത്തിനുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് സ്റ്റോർ നിർമിച്ചത്. കെ.ഡി. പ്രസേനൻ എംഎൽഎയുടെ ആസ്‌തിവികസന നിധിയിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഏഴ് കടമുറികളോടുകൂടിയ സ്റ്റോർ നിർമിച്ചത്.

2020 ജനുവരിയിൽ നിർമാണം തുടങ്ങുകയും ഒക്ടോബറിൽ ഉദ്ഘാടനം നിർവഹിക്കയും ചെയ്‌തു. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും ഒരു കടമുറിപോലും പ്രവർത്തിച്ചില്ല. കെട്ടിടമാകെ പുല്ലുപടർന്നിരിക്കയാണ്. മറ്റ് ഗ്രാമപ്പഞ്ചായത്തുകളിൽ നിറ സ്റ്റോർ ഹരിതമിത്ര സൊസൈറ്റികളുടെ നേതൃത്വത്തിൽ കാർഷിക വിപണനകേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്.

കടമുറി നൽകുന്നതിന്, ഗ്രാമപ്പഞ്ചായത്ത് കരാർ ക്ഷണിച്ചുവെങ്കിലും വാടക കൂടിയതിനാൽ ആരും മുന്നോട്ടുവന്നില്ല. വീണ്ടും കരാർനടപടി പൂർത്തിയായിട്ടുണ്ടെന്നും അടുത്തമാസം മുതൽ കടമുറികൾ പ്രവർത്തിച്ചുതുടങ്ങുമെന്നും മേലാർകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി. വത്സല പറഞ്ഞു.