വടക്കഞ്ചേരി: ലഹരിവിൽപ്പന തടയാൻ ശ്രമിക്കുന്നതിനിടെ വടക്കഞ്ചേരി എഎസ്ഐ ഉവൈസിനെ കാറിടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായയാൾ ലഹരിസംഘത്തിലെ മുഖ്യ കണ്ണിയെന്ന് പോലീസ്. കണ്ണമ്പ്ര ചുണ്ണാമ്പ്‌തറ പൂളയ്ക്കൽപറമ്പ് പ്രതുലാണ് (20) അറസ്റ്റിലായത്. സംഭവസമയത്ത് പ്രതുലിനെക്കൂടാതെ സ്ഥലത്തുണ്ടായിരുന്ന അഞ്ചുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ലഹരി ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ചരാത്രി എട്ടുമണിയോടെ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ചെമ്മണാംകുന്നിലായിരുന്നു സംഭവം. പോലീസ് പരിശോധനക്കെത്തിയപ്പോൾ എല്ലാവരും രക്ഷപ്പെട്ടെങ്കിലും കാറിടിപ്പിച്ചശേഷം കോട്ടയത്തേക്കുപോയ പ്രതുലിനെ കറുകച്ചാൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതുലിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ചെമ്മണാംകുന്ന് ഭാഗത്ത് ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് മൂന്ന് ബൈക്കുകളിലായി എഎസ്ഐ ഉവൈസും മറ്റ് അഞ്ചു പോലീസുകാരുമെത്തിയത്. ഉവൈസും സിവിൽപോലീസ് ഓഫീസർ ലൈജുവും സഞ്ചരിച്ച ബൈക്കിടിച്ചാണ് കാർ കടന്നുപോയത്. ഉവൈസിൻ്റെ കാലിനാണ് പരിക്ക്. ലൈജുവിനും നിസ്സാര പരിക്കേറ്റു.
കണ്ണമ്പ്ര, പുതുക്കോട് മേഖലകളിൽ ലഹരിവിൽപ്പനസംഘം സജീവമാണെന്നും ഇതിലുൾപ്പെട്ടവരാണ് ചെമ്മണാംകുന്നിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. വടക്കഞ്ചേരിപോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചോദ്യംചെയ്യുന്നതിനായി പ്രതുലിനെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Similar News
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി 3 മംഗലംഡാം സ്വദേശികൾ പിടിയിൽ.
വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്.