ഇളവമ്പാടം തോണിപ്പാടത്തെ വൻമരം അപകട ഭീഷണിയിൽ.

വടക്കഞ്ചേരി: ഇളവമ്പാടം തോണിപ്പാടത്ത് കനാല്‍ബണ്ടില്‍ നില്‍ക്കുന്ന വൻമരത്തിന്‍റെ അപകട ഭീഷണിയിലാണ് സമീപവാസികള്‍. നൂറ്റാണ്ടുപഴക്കമുള്ള മാവിന്‍റെ അടിഭാഗം പോടായി ഏതുസമയവും വീഴാമെന്ന സ്ഥിതിയിലാണെന്നു സമീപവാസികളായ അല്ലേശ് ചുങ്കത്ത്, ഷാജി പെരുമാടൻ, ഓമന എന്നിവർ പറഞ്ഞു.

പത്തടിയോളം താഴ്ചയുള്ള സബ്കനാലിന്‍റെ വശത്താണു മരംനില്‍ക്കുന്നത്. അതിനാല്‍ അപകടസാധ്യതയും കൂടുതലാണ്. മരത്തിനോടുചേർന്നാണ് വീടുകളുമുള്ളത്.

കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് മരം. പഞ്ചായത്തുകളിലും ഇറിഗേഷൻവകുപ്പിലും പലതവണ പരാതിനല്‍കിയിട്ടും മരം മുറിച്ചുമാറ്റാൻ നടപടിയുണ്ടാകുന്നില്ലെന്നാണു പരിസരവാസികള്‍ പറയുന്നത്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ആധിയോടെയാണ് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള വീട്ടുകാർ കഴിയുന്നത്.

മരം അടിയന്തരമായി മുറിച്ചുമാറ്റി ദുരന്തം ഉണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം. അതല്ലെങ്കില്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം ചെയ്യാനുള്ള തീരുമാനത്തിലാണു പ്രദേശവാസികള്‍.