വടക്കഞ്ചേരി: വഴിയോരകച്ചവടങ്ങള്‍ മൂലം ടൗണില്‍ ഗതാഗതകുരുക്ക് രൂക്ഷം. യാത്രക്കാർക്ക് വാഹനങ്ങള്‍ക്കിടയിലൂടെ വേണം അത്യാവശ്യങ്ങള്‍ക്ക് നടന്നു പോകാൻ. ചെറുപുഷ്പം ജംഗ്ഷനടുത്തുള്ള മത്സ്യകച്ചവടവും, ടിബി ജംഗ്ഷൻ ഇറക്കത്തിലും, മന്ദംകവലയിലും, സുനിതമുക്കിലും, ശിവരാമപാർക്കിനു മുന്നിലും, തുടർന്ന് തങ്കം ജംഗ്ഷൻ വരെയും റോഡില്‍ സാധനങ്ങള്‍ നിരത്തിവച്ചും ഉള്ള കച്ചവടം പൊടിപൊടിക്കുന്നത് ഗതാഗതകുരുക്കിന് ഇടയാക്കുന്നു.
വീതികുറഞ്ഞ കിഴക്കഞ്ചേരി റോഡില്‍ ഏത് സമയവും വാഹനകുരുക്കാണ്. ഇന്നലെ ഉച്ചയോടെ ഏറെ സമയം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. മൂന്ന്മാസം മുമ്പാണ് ടൗണിലെ അനധികൃത പാർക്കിംഗ്, അനധികൃതകച്ചവടം എന്നിവക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞത്. ആദ്യ ദിവസങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കും.
തുടർന്ന് പിഴ ചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളെടുക്കാനായിരുന്നു കഴിഞ്ഞ ഡിസംബർ ഒമ്പതിലെ സർവകക്ഷിയോഗ തീരുമാനം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സ്ക്വാഡുകളും രൂപീകരിച്ചിരുന്നു. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ല.
ടൗണ്‍ റോഡിലൂടെ ടു വേ ബസ് സർവീസ് വന്നാല്‍ റോഡിലെ സ്ഥിരമായുള്ള അനധികൃത കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇത് യാത്രക്കാർക്കും യാത്ര സൗകര്യപ്രദമാകും.
Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.