അപൂര്‍വ കാഴ്ചയായി ചെറുപുഷ്പം സ്കൂള്‍ മുറ്റത്തെ മഞ്ചാടിമരം.

വടക്കഞ്ചേരി: കൗതുകക്കാഴ്ചയായി ചെറുപുഷ്പം സ്കൂള്‍ മുറ്റത്തെ മഞ്ചാടിമരം. മുരിങ്ങയിലയോടു സാദൃശ്യമുള്ളതാണ് മഞ്ചാടിമരത്തിലെ ഇലകള്‍. 25 വർഷം മുമ്പ് നട്ട തൈ ഇപ്പോള്‍ വലിയ മരമായി.

ഇടയ്ക്കു കൊമ്പുകള്‍ മുറിച്ചതിനാല്‍ രണ്ടുമൂന്നു വർഷമായി മഞ്ചാടിക്കുരു ഉണ്ടാകുന്നില്ലെന്ന് യുപി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് പറഞ്ഞു.

അതിന് മുമ്പ് ബീൻസ് പോലെയുള്ള കായ്കള്‍ കുലകളായി ഉണ്ടാകുമായിരുന്നു. ഈ കായ്കള്‍ മൂപ്പെത്തി ഉണങ്ങി താനേ പൊട്ടിത്തെറിക്കും. സീസണില്‍ മരച്ചുവട്ടില്‍ ചുവപ്പുവർണമുള്ള മഞ്ചാടിക്കുരു പ്രദേശമാകെ നിറയുന്ന സ്ഥിതിയുണ്ടായിരുന്നു. കുരുവിന്‍റെ മനോഹരമായ നിറം തന്നെയാണ് പ്രധാന ആകർഷണം.

മൂപ്പെത്തും മുമ്പ് പച്ചനിറമാണ് കുരുവിന്. പഴയകാലങ്ങളില്‍ ഇത്തരം മരങ്ങള്‍ പറമ്പുകളില്‍ കാണാമായിരുന്നു. ഇന്നിപ്പോള്‍ മഞ്ചാടിമരം അപൂർവ കാഴ്ചയായി.