നെന്മാറ-വല്ലങ്ങി വേല; ആവേശംകൂട്ടാൻ തലയെടുപ്പുള്ള കൊമ്പന്മാര്‍.

നെന്മാറ: നെന്മാറ-വല്ലങ്ങി വേല എഴുന്നള്ളത്തിന് ഇരുദേശത്തും തലയെടുപ്പുള്ള ആനകള്‍ അണിനിരക്കും. നെന്മാറ ദേശത്തിനുവേണ്ടി പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, മംഗലാംകുന്ന് ശരണ്‍ അയ്യപ്പൻ, മംഗലാംകുന്ന് മുകുന്ദൻ, കരുവന്തല ഗണപതി, ഗുരുവായൂർ സിദ്ധാർഥൻ, നൂലാടുമേല്‍ ഗണപതി, മച്ചാട് അയ്യപ്പൻ, വാഴ് വാടി കാശീനാഥൻ എന്നീ ആനകള്‍ അണിനിരക്കും.

വല്ലങ്ങി ദേശത്തിനായി പാമ്പാടി സുന്ദരൻ, നായരമ്പലം രാജശേഖരൻ, മച്ചാട് ജയറാം, ചെർപ്പുളശേരി മണികണ്ഠൻ, പട്ടാമ്പി മണികണ്ഠ‌ൻ, ഗുരുവായൂർ നന്ദൻ, ചെർപ്പുളശേരി അയ്യപ്പൻ, മരുത്തൂർകുളങ്ങര മഹാദേവൻ, ബ്രാഹ്മണി വീട്ടില്‍ ഗോവിന്ദൻകുട്ടി, പഞ്ചതീർഥം സൂര്യനാരായണൻ എന്നീ കൊമ്പന്മാരും അണിനിരക്കും.

മുൻകൂട്ടി ഏക്കം നിശ്ചയിച്ച ആനകള്‍ക്ക് ഏതെങ്കിലും തരത്തില്‍ അസൗകര്യം ഉണ്ടായാല്‍ ഇരുദേശത്തും പകരം നിർത്താൻ ആനകളെ ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന് മുന്നോടിയായി തന്നെ പറയെടുപ്പിനും മറ്റുമായി പ്രമുഖ ആനകള്‍ ദേശങ്ങളില്‍ എത്തിച്ചേരും. ഇരുദേശങ്ങളിലും എത്തിച്ചേരുന്ന ആനകളെ സ്വീകരിച്ച്‌ ആനയിക്കാൻ വാദ്യമേളങ്ങളോടെ ആനപ്രേമി സംഘങ്ങളും ദേശങ്ങളില്‍ ഒരുങ്ങി.

ആനകള്‍ക്ക് മുമ്പില്‍ ആവേശ ആർപ്പുവിളികളോ, പ്രകോപനപരമായി ശബ്ദമുണ്ടാക്കാനോ, സ്പർശിക്കാനോ, ഉപദ്രവിക്കുന്നതോ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ രണ്ടാം തീയതി ആനച്ചമയ പ്രദർശനം നെന്മാറ ദേശത്ത് വെല്‍ഫെയർ ട്രസ്റ്റ് ഹാളിലും വല്ലങ്ങി ശിവക്ഷേത്ര ഹാളിലുമാണ് നടത്തുന്നത്.

ആനകള്‍ക്കുള്ള തീറ്റ, ചമയങ്ങള്‍, ശരീരം തണുപ്പിക്കാനുള്ള സംവിധാനങ്ങള്‍ മൃഗ ഡോക്ടർമാർ ഉള്‍പ്പെടെയുള്ള പ്രത്യേക എലിഫന്‍റ് സ്ക്വാഡും ഇരു ദേശങ്ങളും ഒരുക്കിയിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരമുള്ള സുരക്ഷാപരിപാലന സംവിധാനങ്ങളും ആനകമ്മിറ്റികള്‍ ഒരുക്കിയിട്ടുണ്ട്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും വനം അധികൃതർക്ക് ആന കമ്മിറ്റിക്കാർ കൈമാറും.