January 15, 2026

അയിലൂർ വേലയ്ക്ക് ഇന്ന് കൂറയിടും.

അയിലൂർ: അയിലൂർ കുറുംബഭഗവതി ക്ഷേത്രം വേലയ്ക്ക് ഇന്ന് കൂറയിടും. വൈകീട്ട് അയിലൂർ ശിവക്ഷേത്രത്തിൽ നിന്ന് തെക്കേത്തറ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പന്തം ക്ഷേത്രത്തിലെത്തുന്നതോടെയാണ് കൂറയിടൽ ചടങ്ങുകൾ നടക്കുക.

താമരക്കുളത്തിന് സമീപമുള്ള അന്തിമഹാകാളൻ കാവിൽ കുതിരപ്പന്തിയിൽ നിന്ന് വാദ്യഘോഷത്തിന്റെയും, ആർപ്പുവിളിയുടെയുടെയും അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലെത്തി രാത്രി എട്ടുമണിയോടെ കൂറയിടൽ ചടങ്ങ് നടക്കും.

എൻഎസ്എസ് ഭാരവാഹികൾ, ദേശവാസികൾ, അരിയക്കോട്, ചാട്ടപ്പാറ, പാല എന്നീ വിഭാഗങ്ങളുടെ സാന്നിധ്യത്തിലാണ് കൂറയിടുക. കൂറയിടുന്നതോടെ പട്ടോല, കിഴി എന്നിവ വേലക്കമ്മിറ്റിക്ക് കൈമാറുന്ന ചടങ്ങും നടക്കും. ഏപ്രിൽ 15-നാണ് അയിലൂർ വേല.