January 16, 2026

എസ്ബിഐ എരിമയൂർ ശാഖയിൽ ഇടപാടുകാരൻെറ ആക്രമണം.

ആലത്തൂർ: എരിമയൂർ എസ്ബിഐ ശാഖയിൽ ചെക്ക് മാറ്റാനെത്തിയയാൾ ചില്ലു കൗണ്ടറും, കംപ്യൂട്ടറും അടിച്ചു തകർത്തു. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

എരിമയൂർ മാരാക്കാവ് സ്വദേശിയും, മകനും 14,000 രൂപ തുകയെഴുതിയ ചെക്ക് മാറാനാണ് എത്തിയത്. അക്കൗണ്ടിൽ 3,000 രൂപയേയുള്ളൂവെന്നും ചെക്ക് മാറാനാകില്ലെന്നും ബാങ്ക് ജീവനക്കാർ അറിയിച്ചതോടെ തർക്കമായി.

പാസ് ബുക്കിൽ 14,000 രൂപയുള്ളതായി പതിച്ചിട്ടുണ്ടെങ്കിലും പിന്നീട് പിൻവലിച്ച തുക പതിപ്പിക്കാത്തതാണ് പ്രശ്‌നമെന്ന് ജീവനക്കാർ വിശദീകരിക്കുന്നതിനിടെ ഇയാൾ കൈകൊണ്ട് കൗണ്ടറും, കംപ്യൂട്ടറും തകർത്തു. ആലത്തൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

കൈയിൽ ചില്ലുകൊണ്ട് മുറിവേറ്റതിനാൽ ആലത്തൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ കേസെടുത്തു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ചികിത്സ നൽകാനായി തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആലത്തൂർ പോലീസ് പറഞ്ഞു. എസ്ബിഐ ഉദ്യോഗസ്ഥർ ബാങ്ക് ശാഖ സന്ദർശിച്ചു. 80,000 രൂപയുടെ നഷ്ടമുണ്ടായി.