മംഗലംഡാമിലെ സാഹസികോദ്യാനം തുരുമ്പെടുത്തു.

മംഗലംഡാം: മംഗലംഡാമിലെ സാഹസികോദ്യാനത്തിലേക്ക് പ്രവേശിച്ചാൽ ഒരറിയിപ്പ് കാണാം. ‘സാഹസികോദ്യാനം പ്രവർത്തനരഹിതമാണ്. കളിയുപകരണങ്ങളിൽ കയറുന്നത് അപകടകരമാണ്. അവധിക്കാലമെത്തുമ്പോഴും സാഹസികോദ്യാനത്തിലെ തകരാറിലായ ഉപകരണങ്ങൾ നന്നാക്കാനോ പരിസരം മോടിപിടിപ്പിക്കാനോ നടപടിയുണ്ടായിട്ടില്ല. ഉപകരണങ്ങളുടെ ഭാഗങ്ങൾ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കയാണ്.

മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള 16 തരം പാതകളാണ് സാഹസികോദ്യാനത്തിൽ ഒരുക്കിയിരുന്നത്. എന്നാൽ സഞ്ചാരികളെ ആകർഷിക്കത്തക്ക വിധത്തിൽ പരിസരം മോടിപിടിപ്പിക്കാതിരുന്നതിനാൽ ഇവിടേക്ക് കാര്യമായ സന്ദർശകരെത്തിയില്ല. സാഹസികോദ്യാനം നിന്നിരുന്ന ഭാഗത്തെ കാടുപോലും വെട്ടി വൃത്തിയാക്കിയിരുന്നില്ല. ഇതിനിടെ ഒരുഭാഗത്ത് മരക്കൊമ്പ് പൊട്ടിവീണ് ഉപകരണം തകരാറിലായതോടെ പ്രവേശനം നിരോധിച്ചു. മരക്കൊമ്പ് പൊട്ടിവീണ് ഒരു വർഷമായിട്ടും നീക്കം ചെയ്തിട്ടില്ല.

സാഹസികോദ്യാനം ലാഭകരമല്ലെന്ന കാരണം പറഞ്ഞ് പരിപാലത്തിനായി നിയോഗിച്ച പ്രത്യേക ജീവനക്കാരെ പിൻവലിക്കയും ചെയ്‌തു. ഇതോടെ പാർക്ക് പൂർണമായി അവഗണിക്കപ്പെട്ടു. 2020-ൽ 4.76 കോടി രൂപ ചെലവിൽ നടന്ന മംഗലംഡാം ഉദ്യാന നവീകരണഭാഗമായാണ് സാഹസികപാർക്ക് ഒരുക്കിയത്. 20 ലക്ഷത്തോളമാണ് പാർക്കിന് മാത്രമായി ചെലവഴിച്ചത്.

പ്രവേശനകവാടം മോടിപിടിപ്പിക്കുന്നതിനും കുട്ടികളുടെ പാർക്ക് ഒരുക്കുന്നതിനുമാണ് ബാക്കിയുള്ള തുക ചെലവഴിച്ചത്. ആധുനിക സംവിധാനങ്ങളും ബോട്ടിങ്ങും അടങ്ങുന്ന മൂന്നുകോടി രൂപയുടെ പദ്ധതി അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പിലാകുന്നതോടെ സഞ്ചാരികളെ മംഗലംഡാമിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡിടിപിസി സെക്രട്ടറി സിൽബർട്ട് ജോസ് പറഞ്ഞു.