അരുൺകുമാറും, മനോജും ഇന്ത്യയെ കണ്ടെത്തിയ ബൈക്ക് യാത്ര അതിർത്തി കടന്ന് നേപ്പാളിലേക്കും.

ആലത്തൂർ: വീട്ടുകാരുടെ കട്ടസപ്പോർട്ടോടെ രണ്ട് യുവാക്കൾ ഇന്ത്യയെ കണ്ടെത്താൻ ബൈക്കിൽ പുറപ്പെട്ടു. ആലത്തൂർ കുത്തനൂർ ചിമ്പുകാട് എസ്. അരുൺകുമാറും, വണ്ടിത്താവളം അളയാർ കെ. മനോജുമാണ് ഈ യാത്രികർ. 36 ദിവസത്തെ യാത്ര തുടങ്ങിയത് ഫെബ്രുവരി 14ന് പാലക്കാട്ടു നിന്ന്.

7,200 കിലോമീറ്റർ. 14 സംസ്ഥാനങ്ങളും, അയൽ രാജ്യമായ നേപ്പാളും കടന്ന് മാർച്ച് 21ന് ഗുവാഹട്ടിയിൽ യാത്ര അവസാനിച്ചു. ദിവസേന ശരാശരി 600 കിലോമീറ്റർ ദൂരം താണ്ടി. രാവിലെ അഞ്ചിന് ആരംഭിച്ച് വൈകീട്ട് ആറുമണിക്ക് അവസാനിപ്പിച്ച് വിശ്രമം.

നഗരങ്ങൾ, ഹൈവേ, പൊട്ടിപ്പൊളിഞ്ഞ പാതകൾ, ഗ്രാമങ്ങൾ, കാടും മലയും, വ്യത്യസ്ത ജനവിഭാഗങ്ങൾ, സംസ്‌കാരങ്ങൾ, ഭാഷകൾ, ഭക്ഷണരീതികൾ, വേഷവിധാനങ്ങൾ തുടങ്ങിയ അനുഭവങ്ങൾ. ഒറീസയിലെ ജഗന്നാഥ ക്ഷേത്രം, കൊണാർക്ക് സൂര്യക്ഷേത്രം, ഗോൾഡൻ ബീച്ച്, വിക്ടോറിയ മെമ്മോറിയൽ, ഇന്ത്യൻ മ്യൂസിയം, ട്രാം യാത്ര, ബേളൂർ മഠം, പുരാതന കെട്ടിടങ്ങൾ, ഹൗറ പാലം, ഗയയിയിലെ മഹാവീർ ക്ഷേത്രം, പഗോഡകളും ബുദ്ധപ്രതിമയും വാരണാസി കാഴ്ചകൾ നീണ്ടു.

144 വർഷത്തിലൊരിക്കലുള്ള മഹാ കുംഭമേള കാണാൻ പ്രയാഗരാജിൽ എത്തി.
അയോധ്യയിൽ ചെന്നപ്പോൾ ഇവരുടെ നീണ്ട ബൈക്കിലാണ് എന്നറിഞ്ഞതോടെ ജനങ്ങളുടെ അഭിനന്ദനം. യോദ്ധ സിനിമയിലെ ഉണ്ണിക്കുട്ടന്റെയും, കുട്ടി മാമിയുടെയും ഡോണ്ട് ക്ലി അമ്മയുടെയും നാടായ നേപ്പാളിൽ വ്യത്യസ്തമായ യാത്രാനുഭവം.

‘പൊക്രാനിലും ഇവരുടെ യാത്ര എത്തി. മഴയും തണുപ്പും മൂലം പനിപിടിച്ചു കിടക്കേണ്ടിവന്നെങ്കിലും പിന്മാറിയില്ല. നേപ്പാളിൽ നിന്ന് ഡാർജിലിംഗ്. സിക്കിമിലെ ഗാങ്‌ട്രോക്, മേഘാലയിലെ ഷില്ലോങ്ങ്. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി കാണാൻ ബ്രഹ്മപുത്രയിലൂടെ ജങ്കാറിൽ ബൈക്ക് കേറ്റിയുള്ള യാത്രയും നവ്യാനുഭവമായി.

കൃഷി വകുപ്പിൽ മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബോറട്ടറിയിലെ അറ്റൻഡറാണ് എസ്. മനോജ് കുമാർ. ഭാര്യ: വന്ദന ചിറ്റൂർ സിവിൽ സ്റ്റേഷനിൽ
സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരിയാണ്. മക്കൾ: സാൻട്രിയ, സാദ്‌വിൻ.

കോയമ്പത്തൂർ സതേൺ റെയിൽവേ ട്രാവലിംഗ് ടിക്കറ്റ് ഇൻസ്‌പെക്ടറാണ് കെ. മനോജ്. ഭാര്യ: ദിവ്യ. മകൾ: നിഹാര.

വീട്ടുകാരുടെ പിന്തുണ യാത്രയ്ക്ക് പ്രചോദനമായി. 2022 ജൂൺ ഒന്ന് മുതൽ 29 വരെ പാലക്കാട് നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിട്ടുണ്ട്. കസാക്കിസ്ഥാൻ, ഉസ്ബകിസ്ഥാൻ, അസർബൈജാൻ എന്നിവിടങ്ങളിലേക്കാണ് ഇനി ബൈക്ക് യാത്ര. യാത്ര അവസാനിക്കുന്നില്ല.