ദേശീയപാതയിൽ കോൺക്രീറ്റ് കട്ടയിലിടിച്ച് ബൈക്ക് രണ്ടായി മുറിഞ്ഞു.

ആലത്തൂർ: ദേശീയപാത ആലത്തൂർ വാനൂർ ആയാർകുളത്ത് കെഎസ്ആർടിസി ബസിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് കോൺക്രീറ്റ് കട്ടയിലിടിച്ച് രണ്ടായി മുറിഞ്ഞു. കാലുകൾ ഒടിഞ്ഞ ബൈക്ക് യാത്രക്കാരനായ എരിമയൂർ അരിയക്കോട് അജയ് അപ്പുവിനെ (29) ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.

കുനിശ്ശേരി നരിപ്പൊറ്റയിൽ അജയിന്റെ സഹോദരിയുടെ വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച‌ രാവിലെ. പ്ലംബറായ ഇദ്ദേഹം ചടങ്ങിനുശേഷം ഇരട്ടക്കുളത്ത് ഏറ്റെടുത്ത പണി തീർക്കുന്നതിനായി പോവുകയായിരുന്നു. ഗൃഹപ്രവേശനം നടത്തുന്നതിന് തീയതി അടുത്തതിനാൽ ഉടമ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്.

തൃശ്ശൂർഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബൈക്കിനുപുറകിൽ ഇടിച്ചു. സ്വാതി ജങ്ഷനിലെ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി വാനൂർ ആയാർകുളം ഭാഗത്ത് സർവീസ് റോഡിന്റെയും പാതയുടെ കുറുകെ അഴുക്കു ചാലിന്റെയും പണി നടന്നുവരികയാണ്. ചാൽ നിർമിക്കുന്നതിനായി ദേശീയപാതയ്ക്ക് കുറുകെ കുറച്ചുഭാഗം പൊളിച്ച് കോൺക്രീറ്റ് ചെയ്യുന്ന പണി നടക്കുകയാണ്. ഇവിടെയുള്ള കുഴിയുടെ അരികിൽ കോൺക്രീറ്റ് കട്ട സ്ഥാപിച്ച് റിബൺകെട്ടിയിട്ടാണ് വാഹനങ്ങൾക്ക് സുരക്ഷാമുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതിലാണ് ബൈക്കിടിച്ചത്.

ഇതുവഴിവന്ന യാത്രക്കാരും സമീപത്തുണ്ടായിരുന്നവരുമാണ് ബൈക്ക് യാത്രക്കാരനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് മാറ്റിയത്. കെഎസ്ആർടിസി ബസ് ജീവനക്കാർ മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റിവിട്ടശേഷം ആലത്തൂർ പോലീസ് സ്റ്റേഷനിലെത്തി സംഭവം റിപ്പോർട്ട് ചെയ്തുതു. ദേശീയപാതയിൽ അരമണിക്കൂർ ഗതാഗത തടസ്സമുണ്ടായി. ആലത്തൂർപോലീസ് കേസെടുത്തു.