വടക്കഞ്ചേരി: അഞ്ചുവർഷത്തിലധികമായുള്ള കാത്തിരിപ്പിനൊടുവിൽ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയകെട്ടിടം നിർമിച്ചെങ്കിലും ജീവനക്കാരുടെ നിയമനം വൈകുന്നു. സൗകര്യങ്ങൾ വർധിച്ചതനുസരിച്ച്, അത്യാഹിതവിഭാഗമുൾപ്പെടെ തുടങ്ങണമെങ്കിൽ 11 ഡോക്‌ടർമാരും 12 നഴ്സുമാരും വേണമെന്ന് മെഡിക്കൽ സുപ്രണ്ട് ഡോ. വി.ആർ. ജയന്ത് പറഞ്ഞു.
നിലവിൽ ആറ് ഡോക്ടർമാരും ആറ് നഴ്‌സുമാരുമാണ് വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലുള്ളത്. മലോയര മേഖലകളുൾപ്പെടുന്ന അഞ്ച് ഗ്രാമപ്പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രമായതിനാൽ, അടിയന്തരഘട്ടങ്ങളിൽ ചികിത്സയ്ക്കായി ആദ്യമെത്തുന്നത് വടക്കഞ്ചേരി ആശുപത്രിയിലാണ്.
ദിവസേന 400 പേർ ഒപിയിൽ പരിശോധനക്കെത്തുന്നുണ്ട്. താലൂക്കാശുപത്രി നിലവാരത്തിലേക്ക് ചികിത്സാസേവനങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടുകോടിരൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ കിടത്തിച്ചികിത്സ ആരംഭിച്ചെങ്കിലും രാത്രിയിൽ ഡോക്‌ടർമാരില്ലാത്തതിനാൽ അപൂർവമായി മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുന്നുള്ളൂ. വൈകീട്ട് ആറിന് ഒപി കഴിയുന്നതോടെ സേവനവും അവസാനിക്കും.
ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുന്നതിനായി ആശുപത്രി അധികൃതർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണെങ്കിലും സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. അതേസമയം, ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റുൾപ്പെടെ ക്രമീകരിക്കുന്നതിനായി വീണ്ടും കെട്ടിടം നിർമിക്കുന്നതിനുമായി ആറുകോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കെട്ടിടസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനനുസരിച്ച് നിയമനങ്ങളും നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുയരുന്നുണ്ട്. വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആശുപത്രിക്കുമുൻപിൽ പ്രതിഷേധിച്ചിരുന്നു.
04922 255005 ആണ് വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫോൺനമ്പർ. എന്നാൽ, ഈ നമ്പറിൽ വിളിച്ചാൽ ‘നമ്പർ നിലവിലില്ല’ എന്ന മറുപടിയാകും ലഭിക്കുക. ഒരുവർഷത്തോളമായി ഇതാണ് സ്ഥിതി. ആശുപത്രിയിലേക്ക് വിളിക്കേണ്ട ആവശ്യങ്ങളിൽ ജീവനക്കാരുടെനമ്പർ തേടിപ്പിടിച്ച് വിളിക്കേണ്ട സ്ഥിതിയാണ്.
ബിഎസ്എൻഎൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിപ്പോയെങ്കിലും തുടർനടപടി നീളുകയാണ്. ആശുപത്രി ഫോൺനമ്പർ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
Similar News
നെന്മാറ-കേളി സാംസ്കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
ഇനി വീട്ടിലിരുന്ന് ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റെടുക്കാം.