വടക്കഞ്ചേരി: മനംനിറയ്ക്കുന്ന വർണക്കാഴ്ചകളൊരുക്കി കൊടിക്കാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കാർത്തികതിരുനാൾ വേല ആഘോഷിച്ചു. ഇന്നലെ പുലർച്ചെ 4.30-ന് പ്രത്യേക പൂജകളോടെ ചടങ്ങുകൾ ആരംഭിച്ചു. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, മേൽശാന്തി രാമകൃഷ്‌ണഭട്ട് എന്നിവർ കാർമികരായി.
സമ്പൂർണ ദേവീമാഹാത്മ്യ പാരായണം, ഉഷഃപൂജ, സൂക്തജപം എന്നിവയ്ക്കുശേഷം നടപ്പുര പഞ്ചവാദ്യം ഉണ്ടായി. ചെറുശ്ശേരി കുട്ടൻമാരാർ നേതൃത്വംനൽകി. കേളി, പറ്റ് എന്നിവയ്ക്കുശേഷം ഭഗവതിയുടെ കോലംകയറ്റി എഴുന്നള്ളിപ്പ് തുടങ്ങി. നായർത്തറ, മേലാമന്ദം, അങ്ങാടി വഴി പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ മന്ദിലെത്തി.
ആനകൾ പന്തലിൽ അണിനിരന്നതോടെ ഉത്സവാവേശം വാനോളമുയർന്നു. പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പൻമാരാർ നേതൃത്വംനൽകി. ആനകൾ പന്തലിൽ അണിനിരക്കുന്നതോടെ വിവിധ ദേശങ്ങളിൽനിന്നുള്ള കുതിരവരവ്, കാവടി തുടങ്ങിയവ മന്ദത്ത് സംഗമിച്ചു. കുടമാറ്റത്തിനുശേഷം മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് ഭഗവതി ആലിലെത്തി. മേളത്തിന് പനങ്ങാട്ടിരി മോഹനൻ നേതൃത്വംനൽകി. വെടിക്കെട്ട്, മന്ദത്ത് ഇറക്കിപൂജ, കളംപാട്ട്, ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് എന്നിവയുണ്ടായി. വ്യാഴാഴ്‌ച പുലർച്ചെ കേളി, എഴുന്നള്ളത്ത്, ചെറിയ ആറാട്ട് തുടങ്ങിയവയ്ക്കുശേഷം തിരുതാലി, തിരുവാഭരണം, കുതിര എന്നിവയുടെ തിരിച്ചെഴുന്നള്ളത്തും ഉണ്ടാകും.
Similar News
ചരിത്ര പ്രസിദ്ധമായ വേലയായ നെന്മാറ-വല്ലങ്ങി വേല ഇന്ന്.
മനംകവർന്ന് സാമ്പിൾ വെടിക്കെട്ടും,ആനച്ചമയ പ്രദർശനവും.
കാവശ്ശേരി പൂരത്തിന് നാളെ കൂറയിടും.