മനംകവർന്ന് സാമ്പിൾ വെടിക്കെട്ടും,ആനച്ചമയ പ്രദർശനവും.

നെന്മാറ: നെന്മാറ ദേശത്തിന്‍റെ ആനച്ചമയ പ്രദർശനം മന്ദം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ സിനിമ നടൻ ദേവൻ ഉദ്ഘാടനം ചെയ്തു. കെ. ബാബു എംഎല്‍എ, ഡിവൈഎസ്‌പി എൻ. മുരളീധരൻ, ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു. നെന്മാറ ദേശത്ത് ആണ്ടിവേലയും വൈകുന്നേരം പഞ്ചാരിമേളവും മന്ദത്ത് അരങ്ങേറി.

ദീപാരാധനയ്ക്ക് ശേഷം ഗേള്‍സ് ഹൈസ്കൂളിന് സമീപമുള്ള നെല്‍പ്പാടത്ത് അമ്മിചാരി വെടി എന്ന സാമ്പിള്‍ വെടിക്കെട്ടും നടന്നു. സാമ്പിള്‍ വെടിക്കെട്ടും ആനപ്പന്തലുകളുടെ കാണാൻ സമീപ പഞ്ചായത്തുകളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു.

വല്ലങ്ങി ദേശത്തിന്‍റെ ആനച്ചമയ പ്രദർശനം ശിവക്ഷേത്ര ഹാളില്‍ അരങ്ങേറി. കെ. ബാബു എംഎല്‍എ, ദേശഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു. വൈകുന്നേരം അഞ്ചിനു ശിവക്ഷേത്രത്തില്‍ നിന്ന് ചീറമ്ബക്കാവുവരെ വാദ്യമേളങ്ങളോടെ താലപ്പൊലിയും തുടർന്ന് പാണ്ടിമേളവും അരങ്ങേറി. തുടർന്നു വല്ലങ്ങി ശിവക്ഷേത്ര പരിസരത്ത് സാമ്പിള്‍ വെടിക്കെട്ടും നടത്തി.