ചരിത്ര പ്രസിദ്ധമായ വേലയായ നെന്മാറ-വല്ലങ്ങി വേല ഇന്ന്.

നെന്മാറ: വേലയൊരുക്കം പൂർണം, നെന്മാറ, വല്ലങ്ങി ദേശങ്ങള്‍ ആഹ്ളാദത്തിമർപ്പില്‍. വേലയാഘോഷം ഉഷാറാക്കാൻ വീടുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിത്തുടങ്ങി.
വേല എഴുന്നള്ളത്തിനുള്ള ആനകളെയും എത്തിച്ചുകഴിഞ്ഞു. പ്രമുഖ ആനകള്‍ക്കു ആനപ്രേമിസംഘം സ്വീകരണവും നല്‍കി. നെന്മാറ ദേശത്തിന്‍റെ തിടമ്പേല്‍ക്കുന്നത് പുതുപ്പള്ളി കേശവൻ. വല്ലങ്ങി ദേശത്തിന്‍റെ തിടമ്പ് ഗുരുവായൂർ നന്ദൻ വഹിക്കും.

പഞ്ചവാദ്യമേളക്കാരും എത്തിയതോടെ മേളക്കമ്പക്കാരും ആവേശത്തിലായി. ബഹുനില ആനപ്പന്തലിലെ ദീപാലങ്കാരവും സാമ്ബിള്‍ വെടിക്കെട്ടും കാണാൻ ഇന്നലെ ആയിരങ്ങളെത്തി.

നെല്ലിക്കുളങ്ങര ക്ഷേത്രവും പരിസരവും ഭക്തരും കാഴ്ച കാണാൻ എത്തിയവരെയും കൊണ്ടുനിറഞ്ഞു. കാഴ്ചക്കാർ നിറഞ്ഞതോടെ ക്ഷേത്രമുറ്റത്തെ വഴിവാണിഭക്കാരെയും വാഹങ്ങളെയും വൈകീട്ട് അഞ്ചോടെ പോലീസെത്തി ഒഴിപ്പിച്ച്‌ തിരക്കു ക്രമീകരിച്ചു.

ആഘോഷത്തിനു മാറ്റുകൂട്ടാൻ ക്ഷേത്രവും ആനപ്പന്തലും ഒരുങ്ങിയതിനോടൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ പോലീസ് സ്റ്റേഷൻ വരെ ദീപാലങ്കാരങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം അഞ്ചിനു വടക്കഞ്ചേരി, കൊല്ലങ്കോട്, പാലക്കാട് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നെന്മാറ ടൗണിലേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും നെന്മാറ ടൗണിലും ക്ഷേത്രപരിസരത്തേക്കു പോത്തുണ്ടി റോഡിലും വല്ലങ്ങി താലപ്പൊലി നടക്കുന്ന ഭാഗത്തും, നെന്മാറ വേട്ടയ്ക്കൊരുമകൻ ക്ഷേത്രംപരിസരത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.