വേനല്‍മഴയില്‍ കുഴങ്ങി നെല്‍കര്‍ഷകര്‍.

നെന്മാറ: തുടർച്ചയായ ദിവസങ്ങളിലെ വേനല്‍മഴ നെല്‍കർഷകർക്കു ദുരിതമാകുന്നു. കൊയ്ത്തുയന്ത്രമിറക്കി നെല്ലു കൊയ്തെടുക്കാൻ കഴിയാത്തതും പതിരുനീക്കി നെല്ലുണക്കിയെടുക്കാൻ കഴിയാത്തതുമാണ് വിനയാകുന്നത്.

പാടങ്ങളില്‍ മഴവെള്ളക്കെട്ടും ചെളിയും നിറഞ്ഞതു കൊയ്ത്തിനു തടസമായിട്ടുണ്ട്.

വാടക കുറഞ്ഞതും കൂടുതല്‍ വൈക്കോല്‍ കിട്ടുന്നതുമായ ടയർ ഉപയോഗിച്ചുള്ള കൊയ്ത്തുമെഷീനുകളും ഈ പാടങ്ങളില്‍ ഉപയോഗിക്കാനാകുന്നില്ല. വൈക്കോല്‍ചുറ്റി കെട്ടുകളാക്കാനും കഴിയാത്ത സ്ഥിതിയുണ്ട്.

പലയിടത്തും വൈക്കോല്‍ പാടത്തുതന്നെ കിടന്നു ചീഞ്ഞുതുടങ്ങി. ഈർപ്പംകൂടിയതു കാരണം വൈക്കോലിനു പൂപ്പല്‍ ബാധിച്ച്‌ ഗുണനിലവാരം കുറയുന്നതായും കർഷകർ പറയുന്നു.

നനഞ്ഞ വൈക്കോല്‍ സംഭരിക്കാനും കച്ചവടക്കാർ എത്തുന്നില്ലെന്നതും കർഷകർക്കു വെല്ലുവിളിയായിട്ടുണ്ട്.