പന്നിയങ്കര ടോളിൽ നിരക്ക് കൃത്യസമയത്ത് കൂട്ടി; പക്ഷേ, പണി പാതിവഴിയിൽ.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾകേന്ദ്രത്തിൽ ഏപ്രിൽ ഒന്നുമുതൽ നിരക്ക് കൂട്ടിയെങ്കിലും ജോലികൾ പാതിവഴിയിൽത്തന്നെ. ഈ വർഷം ആറുശതമാനംവരെയാണ് ടോൾനിരക്ക് കൂട്ടിയത്. അതേസമയം, 2022-ൽ ടോൾ പിരിവ് തുടങ്ങുന്ന സമയത്ത് ആറുവരിപ്പാതയിൽ ചെയ്യാൻ ശേഷിച്ചിരുന്ന ജോലികൾ ഇപ്പോഴും ബാക്കിയാണ്.

90 ശതമാനം ജോലി പൂർത്തിയായാൽ ടോൾ പിരിക്കാമെങ്കിലും ശേഷിക്കുന്ന പണി മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ബസ് കാത്തിരിപ്പുകേന്ദ്രം, സർവീസ് റോഡ്, ചാൽ നിർമാണം, തെരുവുവിളക്ക് സ്ഥാപിക്കൽ, സുരക്ഷാഭിത്തി നിർമാണം തുടങ്ങിയവയൊന്നും പൂർത്തിയായിട്ടില്ല. വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കുമിടയിൽ ഒൻപത് ബസ്സ്റ്റോപ്പുണ്ടെങ്കിലും രണ്ടിടത്തുമാത്രമാണ് കാത്തിരിപ്പുകേന്ദ്രമുള്ളത്.

ചാൽ നിർമാണം പൂർത്തിയാകാത്തതിനാൽ മഴക്കാലത്ത് വാണിയമ്പാറ, ചുവട്ടുപാടം, പന്നിയങ്കര എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറും. സർവീസ് റോഡ് നിർമിക്കുമെന്ന് ഇടയ്ക്കിടെ ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകുന്നതല്ലാതെ നടപടികളായിട്ടില്ല. മണ്ണെടുത്ത ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ പന്നിയങ്കരയിലും മേരിഗിരിയിലും വീടുകൾ അപകടഭീഷണിയിലാണ്.

ടോൾ പിരിക്കുമ്പോൾ സുഗമമായ യാത്ര ഉറപ്പാക്കേണ്ടതാണെങ്കിലും പലയിടത്തും ചാടിച്ചാടിയാണ് യാത്ര. ജോയിൻ്റുകളിലെ തകരാറിനെത്തുടർന്ന് വടക്കഞ്ചേരി മേൽപ്പാലത്തിലും തുരങ്കത്തിനുമുൻപിലുള്ള പാലത്തിലുമാണ് ഏറ്റവും കൂടുതൽ ചാട്ടം അനുഭവപ്പെടുന്നത്. പലഭാഗത്തും കുഴികളുമുണ്ട്. ഇതിനുപുറമേ, വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ മേൽപ്പാതകളുടെ പണി നടക്കുന്നതിനാൽ കുരുക്കും സഹിക്കണം.