നെല്‍പ്പാടങ്ങളില്‍ വെള്ളംകയറി വൈക്കോല്‍ നശിച്ചു; കര്‍ഷകര്‍ക്കു കണ്ണീര്‍.

നെന്മാറ: ശക്തമായ വേനല്‍മഴയില്‍ വരണ്ടുണങ്ങിയ നെല്‍പ്പാടങ്ങളില്‍ വെള്ളംനിറഞ്ഞു. കൊയ്ത്ത് പൂർത്തിയായ നെല്‍പ്പാടങ്ങളിലെ വൈക്കോല്‍ സംഭരിക്കാൻ കർഷകർക്ക് സാവകാശം കിട്ടിയില്ല.

നെല്‍പ്പാടങ്ങളില്‍ ദിവസങ്ങളായി വെള്ളം കെട്ടിനിന്നതിനെ തുടർന്ന് ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ സംഭരിക്കാനും കർഷകർക്ക് കഴിഞ്ഞില്ല. കാലികളെ വളർത്തുന്ന കർഷകർ ഇതോടെ ദുരിതത്തിലായി.

പാടങ്ങളില്‍ വെള്ളംനിറഞ്ഞതോടെ കലപ്പ ഉപയോഗിച്ച്‌ ഉഴുതുമറിക്കാൻകഴിയാത്ത കർഷകർ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായ വെള്ളത്തില്‍ വൈക്കോല്‍ മണ്ണില്‍ വളമായി ചേരുന്നതിനായി ഉഴുതുമറിച്ചു തുടങ്ങി. സാധാരണ വൈക്കോല്‍ വിറ്റാല്‍ കൊയ്ത്ത്കൂലിയും നിലം ഉഴുന്നതിനുള്ള ചെലവും ലഭിക്കുമായിരുന്നു.

ഈ വർഷം വൈക്കോല്‍ നഷ്ടമായതോടെ പ്രാഥമികപണികള്‍ക്ക് പണം കണ്ടെത്തേണ്ട സ്ഥിതിയായി. വൈക്കോല്‍ മുഖേന കിട്ടിയ അധികാദായവും നഷ്ടമായി. നെന്മാറ, കൈപ്പഞ്ചേരി, കയറാടി, പയ്യാങ്കോട് പ്രദേശത്തുള്ള നെല്‍പ്പാടങ്ങളിലാണ് വൈക്കോല്‍ ഉഴുതുമറിക്കുന്നത് ആരംഭിച്ചത്. തുടർച്ചയായ ദിവസങ്ങളിലെ മഴയില്‍ വൈക്കോല്‍ നഷ്ടമായതോടെ പ്രാദേശികമായി വൈക്കോലിന് വില ഉയർന്നുതുടങ്ങി.

ഒരു കെട്ടിന് 85 രൂപ വരെയാണ് കർഷകർക്ക് കിട്ടിയിരുന്നത്. ഇപ്പോള്‍ 125 രൂപയ്ക്ക് മുകളില്‍ വില പറഞ്ഞ് വ്യാപാരികള്‍ വരുന്നുണ്ടെങ്കിലും വില്‍ക്കാൻ വൈക്കോല്‍ ഇല്ലാത്ത സ്ഥിതിയാണ്. മഴ ഇനിയും തുടർന്നാല്‍ വൈക്കോല്‍ റോളുകള്‍ക്ക് 200 രൂപയ്ക്ക് മുകളില്‍ വില വരുമെന്ന് ക്ഷീര കർഷകർ പറയുന്നു. സ്വന്തമായി നെല്‍കൃഷിയുള്ള ക്ഷീരകർഷകർക്ക് പോലും വൈക്കോല്‍ വാങ്ങിക്കേണ്ട സ്ഥിതിയാണ്. കൊയ്ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലെ വൈക്കോല്‍ ചുറ്റി കെട്ടുകളാക്കാനും കഴിയാത്ത സ്ഥിതിയുണ്ട്.

ചില പാടങ്ങളില്‍ റോളുകളാക്കിയ വൈക്കോല്‍ കൊണ്ടുപോകാൻ കഴിയാത്തത് നനഞ്ഞു തുടങ്ങി. തുടർച്ചയായ ദിവസങ്ങളില്‍ മഴ ലഭിച്ചതോടെ നെല്‍പ്പാടത്ത് കിടക്കുന്ന വൈക്കോല്‍ നിറം കുറഞ്ഞു പൂപ്പലുകള്‍ കയറിയും ഗുണനിലവാരം കുറയുന്നതായി കർഷകർ പറയുന്നു. നെന്മാറ, അയിലൂർ മേഖലകളിലെ പകുതിയിലേറെ കർഷകരുടെയും വൈക്കോല്‍ ചീഞ്ഞു നാശമായി.

വൈക്കോല്‍ വില്‍ക്കാറുള്ള കർഷകരുടെ നനഞ്ഞ വൈക്കോല്‍ സംഭരിക്കാനും കച്ചവടക്കാർ എത്തുന്നില്ലെന്നും പരാതിയുണ്ട്.