ആലത്തൂർ: പൊലീസിന്റെ മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കള്ളന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി. സ്വർണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ പ്രതിയില്‍ നിന്ന് മാല തിരികെ ലഭിക്കാൻ ആലത്തൂർ പൊലീസിനാണ് കഷ്ടപ്പാടുകള്‍ ഏറെ സഹിക്കേണ്ടി വന്നത്. മധുര സ്വദേശി മുത്തപ്പൻ എന്ന മുപ്പത്തിനാലുകാരൻ ആണ് പ്രതി.
ഉത്സവത്തിനിടെ മേലാർകാട് സ്വദേശിയായ മൂന്നുവയസുകാരിയുടെ മുക്കാല്‍ പവൻ മാലയാണ് മുത്തപ്പൻ പൊട്ടിച്ചെടുത്ത് വിഴുങ്ങിയത്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. മോഷണശ്രമം കണ്ട് കുഞ്ഞിന്റെ മുത്തശ്ശി ബഹളംവച്ചതോടെ ഇയാള്‍ മാല വിഴുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മുത്തപ്പനെ ആശുപത്രിയിലെത്തിച്ച് നടത്തിയ എക്സ്‌റേ പരിശോധനയില്‍ വയറ്റിനുള്ളില്‍ മാല കണ്ടെത്തി. വയറിളകാനുള്ള മരുന്ന് നല്‍കിയെങ്കിലും മാല പുറത്തുവന്നില്ല.
തുടർന്ന് ഭക്ഷണവും പഴവും നല്‍കി മാല പുറത്തുവരാൻ പൊലീസ് മൂന്ന് രാവും പകലും കാത്തിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മാല പുറത്തെത്തിയത്. ദഹിക്കുന്ന വസ്തു അല്ലാത്തതിനാല്‍ മലത്തിനൊപ്പം മാല പെട്ടെന്ന് പുറത്തേക്ക് വരില്ല. അതിനാലാണ് മൂന്ന് ദിവസം കാത്തിരിക്കേണ്ടി വന്നത്.
മൂന്ന് വയസുകാരിയുടെ പിതാവ് ചിറ്റൂർ പട്ടഞ്ചേരി വിനോദ് പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ മാല തിരിച്ചറിഞ്ഞു. തുടർന്ന് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തിരുന്നതിനാല്‍ പ്രതിയെ ആലത്തൂർ സബ് ജയിലിലേയ്ക്ക് മാറ്റി.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി 3 മംഗലംഡാം സ്വദേശികൾ പിടിയിൽ.