ആലത്തൂർ: കാവശ്ശേരി പൂരം ഇന്ന്. പരക്കാട്ടുകാവ് ദേവസ്വവും കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളും പകൽപ്പൂര കമ്മിറ്റിയും പകലും, രാവും വിസ്മയക്കാഴ്ചകളൊരുക്കും. ഇന്ന് പുലർച്ചെ നിർമാല്യദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തന്ത്രി ഏറനൂർമന പ്രസാദ് നമ്പൂതിരിപ്പാടും മേൽശാന്തി രാമചന്ദ്രഭട്ടും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
ഇന്ന് രാവിലെ ഏഴിന് ക്ഷേത്രാങ്കണത്തിൽ കാവശ്ശേരി ബ്രാഹ്മണസമൂഹത്തിൻ്റെ വേദപാരായണവും 10-ന് പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചയ്ക്ക് 12.30-ന് മൂന്ന് ദേശങ്ങളിലും മന്ദുമുഴക്കിയശേഷം, കഴനിചുങ്കം കേന്ദ്രീകരിച്ച് വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശക്കാർ ഉച്ചയീട് ആരംഭിക്കും.
ഉച്ചകഴിഞ്ഞ് 1.30-ന് ക്ഷേത്രത്തിൽനിന്ന് കൂട്ടാലയിലേക്ക് ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പുകയറ്റി പുറപ്പെടും. രണ്ടിന് കൂട്ടാലയിൽ കേളിപറ്റിനുശേഷം പഞ്ചവാദ്യം തുടങ്ങും. 4.30-ന് ഒൻപത് ആനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത് ഗണപതികോവിൽവഴി ഈടുവെടിയാൽ പന്തലിൽ നിരക്കുമ്പോൾ പാണ്ടിമേളം തുടങ്ങും. എസ്എൻഡിപി പകൽപ്പൂര കമ്മിറ്റിയുടെ വെടിക്കെട്ടിനുശേഷം എഴുന്നള്ളത്ത് കാവുകയറും.
രാത്രി ഒമ്പതിന് ക്ഷേത്രത്തിൽനിന്ന് കുത്തുവിളക്ക് പുറപ്പെടും. 10-ന് കഴനിമന്ദിൽ കുത്തുവിളക്കിന് സ്വീകരണമുണ്ടാകും. ബന്ധുദേശമായ അത്തിപ്പൊറ്റക്കാർ വാവുള്ള്യാപുരത്തെത്തി കുതിരയെ വണങ്ങും. പറവേല ഊർവലമെത്തി കുടകുമ്പിടുന്നതോടെ കുതിര പുറപ്പെടും. കഴനി ദേശക്കുതിര 10.30-ന് പുറപ്പെടും. കാവശ്ശേരി ദേശക്കുതിര എഴുന്നള്ളത്ത് ശങ്കരമൂച്ചിയിൽനിന്നാരംഭിക്കും.
ഇന്ന് പുലർച്ചെ ഒന്നിന് ദേശക്കുതിരകൾ ഈട് വെടിയാലിങ്കൽ എത്തുന്നതോടെ മൂന്ന് ദേശക്കാരും ഊഴമനുസരിച്ച് വെടിക്കെട്ടാരംഭിക്കും. കമ്മാൻകുതിരയും ദേശക്കുതിരകളും കാവുകയറി പ്രദക്ഷിണം നടത്തി അതത് ദേശങ്ങളിലേക്ക് തിരിക്കും. ക്ഷേത്രപാലകന് ഗുരുതിസമർപ്പിച്ച് ഏഴുദിവസത്തേക്ക് നടയടയ്ക്കും. ഏപ്രിൽ 16-ന് നടതുറന്ന് പഴംപൂരം ആഘോഷിക്കും.
Similar News
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.
അയിലൂർ വേല നാളെ.
ചിറ്റിലഞ്ചേരി വേലയ്ക്ക് ഇന്ന് കൂറയിടും.