കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.

മംഗലംഡാം: നേർച്ചപ്പാറ താഴത്തേൽ സണ്ണിയുടെ ഏക വരുമാനമാർഗം കൃഷിയാണ്. ഒരാഴ്ച മുമ്പ് കൃഷിയിടത്തിലിറങ്ങിയ കാട്ടാന കുല വെട്ടാൻ പാകമായ 150 വാഴകളാണ് നശിപ്പിച്ചതെന്ന് സണ്ണി പറയുന്നു. ഒരു വർഷം പ്രായമായ 31 റബ്ബർ തൈകളും നശിപ്പിച്ചു. റബ്ബർ ടാപ്പ് ചെയ്യാറാകും വരെ ഇടവിളയായാണ് വാഴക്കൃഷി ചെയ്യുന്നത്. വാഴ നശിപ്പിച്ചതിലൂടെ നഷ്ടം 60,000 രൂപ. വാഴത്തെകളും ആന ചവിട്ടിനശിപ്പിച്ചു.

സമീപത്ത് കൃഷി ചെയ്യുന്ന റിട്ട. പ്രൊഫസർ കൂടിയായ സിബി സക്കറിയാസിൻ്റെ കൃഷിയിടത്തിലും ആനയിറങ്ങി നേന്ത്രവാഴകൾ നശിപ്പിച്ചു. സൗരതൂക്കുവേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ വനംവകുപ്പിനോടും വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.