ഓടംതോട് പടങ്ങിട്ടത്തോടുകാര്‍ക്ക് ദുരിതയാത്ര.

മംഗലംഡാം: ഓടംതോട് പടങ്ങിട്ടത്തോട് പ്രദേശത്തെ താമസക്കാർക്കും തോട്ടം ഉടമകള്‍ക്കുമെല്ലാം എല്ലാക്കാലത്തും ദുരിതയാത്ര. മഴക്കാലത്തും, വേനലിലും ഒരുപോലെ ദുരിതപൂർണമാണ് യാത്ര. ഒരുകിലോമീറ്ററോളം ദൂരം റോഡ് ഇല്ലെന്നുതന്നെ പറയാം.

വലിയ ഗർത്തങ്ങളാണു റോഡില്‍. വാഹനങ്ങള്‍ക്കു പോകാനാകില്ല. കാല്‍നടയായിത്തന്നെ കുന്നുകയറണമെങ്കിലും കുഴികളില്‍ തെന്നിവീഴാതെ ശ്രദ്ധിക്കണം. നാട്ടുകാർ പിരിവെടുത്താണ് റോഡു നന്നാക്കിയിരുന്നത്.

എന്നാല്‍ വലിയ തുക പിരിവെടുത്തുള്ള റോഡുനിർമാണവും നാട്ടുകാർക്കു വലിയ ബാധ്യതയായി. കിഴക്കഞ്ചേരി പഞ്ചായത്തില്‍പ്പെടുന്നതാണ് ഈ റോഡ്. പഞ്ചായത്ത് അധികൃതർ കനിഞ്ഞാലേ ഇനി നാട്ടുകാർക്കു രക്ഷയുള്ളു.

റോഡില്‍ കയറ്റമുള്ള ഭാഗത്ത് നൂറുമീറ്ററെങ്കിലും റോഡ് കോണ്‍ക്രീറ്റ് ചെയ്താല്‍ കുറെ ആശ്വാസമാകുമെന്നു സമീപത്തെ തോട്ടം ഉടമയായ പാറ്റാനി റെയിൻസ് മാണി പറഞ്ഞു.

മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി നാട്ടുകാരുണ്ടാക്കുന്ന റോഡെല്ലാം പോകും. പിന്നെ ഫോർ വീല്‍ ജീപ്പുപോലും കയറിപ്പോകില്ല. റോഡിന്‍റെ ശോച്യാവസ്ഥക്കു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇവിടത്തെ താമസക്കാർക്കും തോട്ടം ഉടമകള്‍ക്കുമുള്ളത്.