ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.

നെന്മാറ: മേലാർകോട് പുളിഞ്ചുവട്ടിനു സമീപം ഉണ്ടായ കാർ അപകടത്തിൽ മരിച്ച ചേരാമംഗലം നാപ്പൻപൊറ്റ ബാലസുബ്രഹ്‌മണ്യൻ്റെ ഇളയ മകൾ അനുഷ്കയുടെ വിദ്യാഭ്യാസ ചെലവുകൾ മേലാർകോട് കെ.എ.യു.പി. സ്‌കൂൾ മാനേജർ എം.കെ.അശോക് കുമാർ വഹിക്കും. ഇക്കാര്യം പഞ്ചായത്തംഗം എ.അജിത വഴി കുടുംബത്തെ അറിയിച്ചു.

ബാലസുബ്രഹ്‌മണ്യന്റെ മരണത്തോടെ കുടുംബം ദുരിതത്തിലായ വിവരം ഇന്നലെ മീഡിയയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സ്‌കൂൾ മാനേജർ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തത്. ആലത്തൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വക്കാവ് ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു.

ബാലസുബ്രഹ്‌മണ്യന്റെ വരുമാനത്തിലായിരുന്നു ഭാര്യയും മൂന്ന് പെൺമക്കളുമുള്ള കുടുംബം കഴിഞ്ഞിരുന്നത്. നാലുസെന്ററിൽ ഒറ്റമുറി വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഭാര്യ രമ്യ അടുത്തകാലത്താണ് തൊഴിലുറപ്പിന് പോയി തുടങ്ങിയത്. മൂത്തമകൾ കനിഷ്ക ചിറ്റിലഞ്ചേരി എം.എൻ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഇനി പത്താം ക്ലാസിലേക്കാണ്. രണ്ടാമത്തെ മകൾ സഷ്ട്‌ടിക ഇതേ സ്കൂ‌ളിൽ എട്ടാം ക്ലാസിലാണ്. ഇവരുടെ ഭക്ഷണച്ചെലവുകൾക്കും വിദ്യാഭ്യാസ കാര്യങ്ങൾക്കും ഇനി എന്തുചെയ്യുമെന്നറിയാത്ത അവസ്‌ഥയിലാണ് കുടുംബം.

മരിച്ച ബൈക്ക് യാത്രക്കാരൻ രാഹുൽ ചന്ദ്രശേഖരൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കൊല്ലങ്കോട്ടേക്കു കൊണ്ടുപോയി. വ്യാഴം ഉച്ചയോടെ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരനായ രാഹുലും കലുങ്കിൽ ഇരിക്കുകയായിരുന്ന ബാലസുബ്രഹ്‌മണ്യനും മരിച്ചത്. അപകടത്തിൽ 5 പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു.