താരമായി ‘താമരച്ചക്ക’; ഒരു പ്ലാവിൽ ആയിരത്തിലധികം കുഞ്ഞൻ ചക്കയെന്ന അത്ഭുതം വിളയിച്ച് സാജു.

✍🏻സന്തോഷ്‌ കുന്നത്ത്

കിഴക്കഞ്ചേരി: മലയാളിയുടെ ഇഷ്ടവിഭവമായ ചക്കയിൽ കൂഴ, വരിക്ക എന്നിങ്ങനെ വ്യത്യസ്ത ചക്കകളെക്കുറിച്ച് കെട്ടിട്ടുള്ളവരിലേക്ക് ഏറെ പ്രത്യേകതകളോടെ എത്തുകയാണ് ‘താമരച്ചക്ക’ കുഞ്ഞൻചക്ക എന്നതുതന്നെയാണ് താമരച്ചക്കയ്ക്ക് വിപണിമൂല്യമുണ്ടാക്കുന്നത്.
അതും തനിനാടൻ.

കാർഷിക മേഖലയിൽ വലിയ പരീക്ഷണങ്ങളും പുതിയ കൃഷി രീതികളും കൊണ്ട് ശ്രദ്ധേയനായ കിഴക്കഞ്ചേരി
കണിയമംഗലം തട്ടാംപടവ് പുത്തൻപുരയില്‍ സാജു തോമസിന്റെ തോട്ടത്തിലാണ് ഈ കൗതുകച്ചക്കയുള്ളത്.

പ്ലാവിൽ അടക്കക്കുല പോലെ തിങ്ങി നിറഞ്ഞ കുലകളിലാണ് ഈ കുഞ്ഞൻ ചക്കകൾ കായ്ച്ചു നിൽക്കുന്നത്. ഒരു കുലയിൽ തന്നെ പല വലിപ്പത്തിൽ 20 ചക്കകളോളം ഉണ്ട്. അടക്ക വലിപ്പമുള്ള ചക്ക മുതൽ പരമാവധി ചെറിയ തേങ്ങാ വലിപ്പമുള്ള ചക്കകൾ വരെ ഓരോ കുലയിലുമുണ്ട്.കണ്ടാൽ കടച്ചക്ക പോലെ തോന്നിക്കുന്ന തനി നാടൻ ചക്കയാണിത്.

ഒരു ചുള മാത്രമുള്ള കുഞ്ഞു ചക്ക ഒരത്ഭുതമാണ്. താമരച്ചക്കയിലെ ഏറ്റവും വലുതിൽ 20 – 30 ചുളകൾ വരെ ഉണ്ടാകും.
ഒരു ചക്ക കഷ്ടി ഒരുകിലോയെ തൂക്കംവരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും. കുരുവിനും ചുളയ്ക്കും വലുപ്പകുറവാണെന്നുമാത്രം. സാധാരണ ചക്കയേക്കാൾ രുചിയും മണവും കൂടുതലാണ്. പഴുത്താൽ നല്ല മധുരമാണെന്ന് സാജു പറയുന്നു.

പ്ലാവിൻതടിയില്‍ ചക്ക നിറഞ്ഞുനില്‍ക്കുന്നതുകാണാനും നല്ല ചന്തമാണ്. താമരച്ചക്ക വിളഞ്ഞ ഒരു പ്ലാവിൽ തന്നെ ആയിരത്തിലധികം ചക്കകളുണ്ട്.

പെരുമ്പാവൂരിൽ ഭാര്യ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഉണ്ട ചക്കയുടെ കൊമ്പ് സാജുവിന്റെ പറമ്പിലെ നാടൻ ചക്കക്കുരുവിൽ മുളപ്പിച്ച തൈയ്യിൽ ബഡ്ഡ് ചെയ്താണ് സാജു താമര പ്ലാവ് വളർത്തിയെടുത്തത്. മുള പിടിച്ച് അഞ്ചാം വർഷം മുതൽ ചക്ക കായ്ച്ചു തുടങ്ങി. ഇപ്പോൾ ഈ പ്ലാവിന് പതിനഞ്ച് വർഷം പ്രായമായെന്ന് സാജു പറഞ്ഞു.

കുഞ്ഞൻ താമരച്ചക്കയുടെ വിശേഷമറിഞ്ഞു വടക്കഞ്ചേരിയിൽ നിന്ന് കച്ചവടക്കാരനെത്തി ചക്കകൾ വിൽപ്പനക്കായി കൊണ്ടുപോയിട്ടുണ്ട്. ഈ ഇനം ചക്ക ചൂടപ്പംപോലെ വിറ്റുപോകുമെന്നാണ് കച്ചവടക്കാരും കണക്കുകൂട്ടുന്നത്. ‘നാനോ’ ചക്കയായതിനാല്‍ വിഷുവിന് കണിയൊരുക്കാനും സൗകര്യമാണ്.

പലവിധ വിളകളുടെ വിസ്മയമുണ്ട് സാജുവിന്റ കൃഷിയിടത്തിൽ. 40 കിലോക്ക് മുകളിൽ തൂക്കമുള്ള കപ്പ വിളയിച്ചും സാജു ശ്രദ്ധേയനായിരുന്നു. സാജുവിന്റെ കൃഷി തോട്ടത്തിൽ തെങ്ങ്, കവുങ്ങ്, ജാതി, റബ്ബർ എന്നിവ കൂടാതെ റംബൂട്ടാൻ, മാംഗോസ്റ്റ്, ബറാബ, വെസ്റ്റ്‌ ഇന്ത്യൻ ചെറി അടക്കം
22 ഇനങ്ങളോളം പഴ വർഗ്ഗങ്ങളുമുണ്ട്. തോട്ടത്തോട് ചേർന്നോഴുകുന്ന മംഗലം ഡാം പുഴയിൽ നിന്നാണ് അഞ്ചേക്കർ കൃഷി തോട്ടത്തിലേക്കുള്ള ജലസേചനം.

കൂടാതെ വെച്ചൂർ പശുക്കൾ, നൂറ്റമ്പതിലേറെ നാടൻ കോഴികൾ എന്നിവയെയും വളർത്തുന്നു.

നിരവധി പുരസ്‌കാരങ്ങളും സാജുവിനെ തേടിയെത്തി. 2011 ൽ സരോജിനി നായിഡു ഫൗണ്ടേഷന്റെ മികച്ച ജൈവ കർഷക അവാർഡ്, 2009 ൽ കൃഷി വകുപ്പിന്റെ ആത്മ അവാർഡ്, 2007 ൽ പഞ്ചായത്ത്‌ കർഷക അവാർഡ് എന്നിവ ലഭിച്ചു. ഇളവംപാടം ആർ പി എസ്, ചെറുകുന്നം പുരോഗമന വായനശാല, കിഴക്കഞ്ചേരി കൃഷി ഭവൻ, റോട്ടറി ക്ലബ് തുടങ്ങി നിരവധി ഇടങ്ങളിൽ നിന്ന് ആദരവുകളും ഈ കർഷകന് ലഭിച്ചിട്ടുണ്ട്.

മിനിയാണ് ഭാര്യ. മകൾ ലിമി കുടുംബത്തോടെ യു കെ യിലും മകൻ ജിലീഷ് കുടുംബസമേതം യു എ ഇ യിലുമാണ്.