നെന്മാറ: തുടർച്ചയായ വേനല്‍മഴയില്‍ വൈക്കോല്‍ അഴുകി നശിച്ച കർഷകർക്ക് ഇൻഷ്വറൻസ് ആനുകൂല്യം നല്‍കണമെന്ന് പടശേഖരസമിതികള്‍ ആവശ്യപ്പെട്ടു.
രണ്ടാംവിള കൊയ്‌ത്തുകഴിഞ്ഞ നെല്‍പ്പാടങ്ങളിലെ വൈക്കോല്‍ വേനല്‍മഴയില്‍ സംഭരിക്കാൻ കഴിയാതെ വെള്ളത്തില്‍ കിടന്ന് അഴുകി ഉപയോഗശൂന്യമായതിനെ തുടർന്നുള്ള നഷ്ടം നികത്താൻ കാലാവസ്ഥ ഇൻഷ്വറൻസ്, സംസ്ഥാന ഇൻഷ്വറൻസ് എന്നിവയില്‍ നിന്ന് കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നെന്മാറ, അയിലൂർ മേഖലയിലെ വിവിധ കർഷകസമിതികള്‍ ആവശ്യപ്പെട്ടു.
ഒരുദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വേനല്‍ മഴ ശക്തമായതോടെ നെല്‍പ്പാടങ്ങളില്‍ പരന്നു കിടക്കുന്നവയും ചുരുട്ടി റോളുകള്‍ ആക്കിയവയും വീണ്ടും ചീഞ്ഞു തുടങ്ങി. ഇനി ചുരുട്ടി കെട്ടിയെടുക്കാൻ കഴിയാത്ത നെല്‍പ്പാടങ്ങളിലെ വൈക്കോലുകള്‍ ട്രാക്ടർ ഉപയോഗിച്ച് ചേറില്‍ ഉഴുതുമറിച്ചു തുടങ്ങി.
സാധാരണ വേനല്‍മഴയില്‍ കലപ്പ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന സ്ഥാനത്താണ് ഇപ്പോള്‍ ചെളിയില്‍ പൂട്ടിമറിക്കുന്നത്. അളിഞ്ഞു തുടങ്ങിയ വൈക്കോല്‍ ചെളിയില്‍ ഉഴുതുമറിക്കുന്നതോടെ പെട്ടെന്ന് മണ്ണില്‍ ചേരാനും അതുവഴി ചെറിയതോതില്‍ ജൈവവളാംശം ലഭിക്കുമെന്നും പെരുമാങ്കോട് പാടശേഖരത്തിലെ എം. ശിവദാസൻ പറഞ്ഞു.
വൈക്കോല്‍ നഷ്ടംവന്ന ക്ഷീരകർഷകർക്ക് ക്ഷീരസംഘങ്ങള്‍ മുഖേന കുറഞ്ഞവിലയ്ക്ക് വൈക്കോലും കാലിത്തീറ്റയും ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ക്ഷീരകർഷകനായ എം. യൂസഫ് ആവശ്യപ്പെട്ടു.
സ്വന്തം കൃഷിയിടത്തിലെ വൈക്കോല്‍ നശിച്ചതോടെ ഉയർന്ന വിലക്ക് വൈക്കോല്‍ വാങ്ങാൻ കഴിയാത്തതിനാല്‍ പശുവളർത്തല്‍ അവസാനിപ്പിക്കുകയാണെന്നും കറവയുള്ള ഒരു ഉരുവിനെ ഒഴികെ മറ്റുള്ളവരെ വില്പന നടത്താനും ആലോചിക്കുന്നതായി കരിമ്പാറയിലെ ക്ഷീരകർഷകനായ എം. ദേവൻ പറഞ്ഞു.
Similar News
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
താരമായി ‘താമരച്ചക്ക’; ഒരു പ്ലാവിൽ ആയിരത്തിലധികം കുഞ്ഞൻ ചക്കയെന്ന അത്ഭുതം വിളയിച്ച് സാജു.
നെല്‍പ്പാടങ്ങളില്‍ വെള്ളംകയറി വൈക്കോല്‍ നശിച്ചു; കര്‍ഷകര്‍ക്കു കണ്ണീര്.