വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ വിഷു തിരക്കില്‍ ബാഗ് മോഷണം. ശനിയാഴ്ച വിവാഹം നടക്കാനിരുന്ന വധുവിന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗായിരുന്നു മോഷ്ടിച്ചത്. വടക്കഞ്ചേരിയില്‍ മൊബൈല്‍ വാങ്ങാനായി ബൈക്കില്‍ ബാഗും വച്ച് കടയില്‍ കയറി തിരിച്ചിറങ്ങുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്.

എന്നാല്‍ കടയ്ക്ക് സമീപത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെയും ബാഗും കണ്ടെത്തി. വടക്കഞ്ചേരിയിലെ ബാറിന്റെ പരിസരത്ത് നിന്നാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്.

കൊല്ലംകോട് എലവഞ്ചേരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. വടക്കഞ്ചേരി നഗരത്തില്‍ വച്ച് മറ്റൊരു ബാഗും ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.