അയിലൂർ വേല നാളെ.

അയിലൂർ: കുറുംബഭഗവതി ക്ഷേത്രം വേല നാളെ ആഘോഷിക്കും. ഇന്ന് വിഷുക്കണിയ്ക്കുശേഷം വിശേഷാൽ പൂജകൾ, ഏഴുമണിക്ക് അയിലൂർ അഖിൽമാരാരുടെ നേതൃത്വത്തിൽ സോപാനസംഗീതം എന്നിവ നടക്കും. വൈകീട്ട് 6.30-ന് നൃത്തപരിപാടിയും ഉണ്ടാകും.

നാളെ 10-ന് മേളം, കേളി എന്നിവയും ഉച്ചയ്ക്ക് 12-ന് ഈടുവെടിയും നടക്കും. അയിലൂർ ശിവക്ഷേത്രത്തിൽ നിന്ന് കൊടുന്തിരപ്പുള്ളി മനോജിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ അഞ്ച് ആനകൾ അണിനിരക്കുന്ന എഴുന്നള്ളത്ത് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.

പൈങ്കുളം പത്മനാഭൻനായരുടെയും സംഘത്തിന്റെയും പാണ്ടിമേളത്തോടെ എഴുന്നള്ളത്ത് പന്തലിൽ അണിനിരക്കും. തുടർന്ന് അരിയക്കോട് വിഭാഗത്തിന്റെ വെടിക്കെട്ടുണ്ട്. രാത്രി എട്ടിന് കണ്യാറും ഒമ്പതിന് കൂനത്തറ ഉണ്ണിക്കൃഷ്ണ‌ൻ, മുണ്ടായ ജയൻ, പഴയന്നൂർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയും നടക്കും. ബുധനാഴ്‌ച പുലർച്ചെ 1.30-ന് രാത്രിവേല എഴുന്നള്ളത്തും 4.40-ന് അയിലൂർ ദേശത്തിന്റെ വെടിക്കെട്ടും നടക്കും.