ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.

അയിലൂർ: ഭക്തിയുടെയും വാദ്യമേളത്തിന്റെയും നിറവിൽ കുറുംബഭഗവതിക്ഷേത്രം വേല ആഘോഷിച്ചു. ഉച്ചയ്ക്ക് ഈടുവെടി, കേളി, കുഴൽപ്പറ്റ് എന്നിവയ്ക്കുശേഷം അയിലൂർ ശിവക്ഷേത്രത്തിൽ നിന്ന് പകൽവേല എഴുന്നള്ളത്ത് ആരംഭിച്ചു.

ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് ഗ്രാമം വഴി ഭഗവതി ക്ഷേത്രത്തിലെത്തി. അഞ്ച് ആനകൾ അണിനിരന്ന എഴുന്നള്ളത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.

പൈങ്കുളം പദ്‌മനാഭൻ്റെ നേതൃത്വത്തിൽ പാണ്ടിമേള അകമ്പടിയോടെ എഴുന്നള്ളത്ത് ക്ഷേത്രപ്രദക്ഷിണം നടത്തി കാവിറങ്ങി പന്തലിൽ അണിനിരന്നു. വെടിക്കെട്ടും ഉണ്ടായി.

രാത്രി കണ്യാറും കൂനത്തറ ഉണ്ണിക്കുട്ടൻ, മുണ്ടായ ജയൻ, പഴയന്നൂർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ തായമ്പകയുമുണ്ടായി.