നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം

വടക്കഞ്ചേരി : സർവ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ച് 4 ചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഏർപ്പെടുത്തിയ കമ്പനിക്കെതിരെ വടക്കഞ്ചേരി ജനകീയ വേദിയുടെ നേതൃത്വത്തിൽ 4 ചക്ര ഓട്ടോ ടാക്സി ഡ്രൈവർമാരും തൊഴിലാളികളും പ്രതിഷേധ സമരം നടത്തി.പ്രതിഷേധ യോഗം ജനകീയ വേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനകീയ വേദി ജനറൽ കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷനായി. ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹീം, ജനകീയ വേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ജനകീയ വേദി ട്രഷറർ മോഹനൻ പള്ളിക്കാട്, കൺവീനർ ഷിബു ജോൺ, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം എന്നിവർ പ്രസംഗിച്ചു. വടക്കഞ്ചേരി വ്യാപാരി സംരക്ഷണ സമിതി, സ്കൂൾ ബസ് അസോസിയേഷൻ, 4 ചക്ര ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവർ സമരത്തിൽ പങ്കെടുത്തു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി ബസ് സ്റ്റാൻ്റിൽ നിന്നും എം എൽ എ ഓഫിസിലേക്ക് പ്രകടനമായി എത്തി പി.പി.സുമോദ് എംഎൽഎ ക്ക് തൊഴിലാളികൾ നിവേദനം നൽകി. 4 ചക്ര ഓട്ടോറിക്ഷകൾക്ക് സൗജന്യ യാത്ര അനുവദിക്കും എന്ന തീരുമാനം ആട്ടിമറിച്ചുകൊണ്ട് ടോൾ കമ്പനി മുന്നോട്ടു പോയാൽ സമരം ശക്തമാക്കുമെന്ന് ജനകീയ വേദി ഭാരവാഹികൾ പറഞ്ഞു. ടോൾ അധികൃതരുമായി നടത്തിയ ചർച്ചയിൽ 4 ചക്ര ഓട്ടോറിക്ഷകളെ ഉന്നതതല ചർച്ച നടക്കുന്നതുവരെ സൗജന്യ ട്രാക്കിലൂടെ വിടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.