അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.

നെന്മാറ: അപകടഭീഷണിയായി നില്‍ക്കുന്ന ഉണക്കമരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം. നെന്മാറ-പോത്തുണ്ടി റോഡരികില്‍ കല്‍നാടില്‍ റോഡിനുസമീപമാണ് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ ആല്‍മരം നില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ ചെറുചില്ലകള്‍പൊട്ടി റോഡില്‍ വീണിരുന്നു.

പ്രദേശവാസികള്‍ എടുത്തുമാറ്റിയാണ് അപകടസാധ്യത ഒഴിവാക്കിയത്. നെല്ലിയാമ്പതി, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന പ്രധാന പാതയോരത്താണ് അപകട ഭീഷണി ഉയർത്തി 30 അടിയോളം ഉയരത്തില്‍ കൂറ്റൻ ഉണക്കമരം നില്‍ക്കുന്നത്.

പ്രദേശവാസികള്‍ മാസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മരത്തിനു താഴെക്കൂടി പോകുന്ന വൈദ്യുതലൈനിനും സമീപത്തെ വീടുകള്‍ക്കും ഉണങ്ങിയമരം ഭീഷണിയാണ്. ഉണങ്ങിയ മരത്തിന്‍റെ ചുവടുവശം ചിതല്‍മൂലം ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്.

ശക്തമായ മഴയില്‍ നിലംപൊത്താൻ സാധ്യതയുള്ളതിനാല്‍ സമീപവാസികളും ജാഗ്രതയിലാണ്. 35 അടിയിലേറെ പൊക്കമുള്ള ഉണങ്ങിയ ആല്‍മരം മഴക്കാലത്തിനു മുമ്പ് വെട്ടി മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് വഴിയാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
അപകട ഭീഷണി ഉയർത്തുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിന് പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.

എന്നാല്‍ പൊതുമരാമത്തിന്‍റെ മരം ലേലം ചെയ്തുവില്‍ക്കാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പുതന്നെ നടപടി സ്വീകരിക്കട്ടെ എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതരും.

പഞ്ചായത്തുകള്‍ക്ക് ഒരുമരം വെട്ടിമാറ്റുന്നതിന് നിശ്ചിതതുക മാത്രമേ ചെലവഴിക്കാൻ അധികാരമുള്ളൂയെന്നും മരം ലേലംചെയ്യാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതും പ്രശ്നമാണെന്ന് അധികൃതർ പറയുന്നു.