വടക്കഞ്ചേരി : മലകളുടെയും കാടുകളുടെയും അടുത്തുകിടക്കുന്ന പ്രദേശങ്ങളിൽ പ്രകൃതി ചില അതിശയകരമായ അത്ഭുതങ്ങൾ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. അത് തീർച്ചയായും ജീവജാലങ്ങളുടെയും പ്രത്യേകിച്ച് മനുഷ്യരുടെയും നിലനിൽപ്പിന്റെ ആധാരശിലകൾ കൂടിയാണ്.അത്തരമൊരു അത്ഭുതം ഒളിപ്പിച്ചു വച്ച കൊച്ചു ജീവജല സംഭരണിയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ കൊട്ടേക്കുളം പാത്തിപ്പാറയിലെ കല്ലിടുക്കിൽ നിന്നുള്ള പാറപ്പുറത്തെ ചെറിയ കുഴിയിൽ നിന്നുള്ള നീരുറവ.പാലക്കുഴി – കൊർണ്ണപാറ മലയടിവാരത്തു ഒടുകിൻചോട്, പാത്തിപ്പാറ പ്രദേശത്ത് ജനവാസം തുടങ്ങിയ കാലം മുതൽ ഇവിടെ ഈ നീർകുഴിയും ചാലുമുണ്ടായിരുന്നതായി പഴമക്കാർ ഓർക്കുന്നു.ഒരടി മാത്രം താഴ്ചയും ഒന്നരയടി വ്യാസവുമുള്ള ഈ കുഴിയിൽ ഏത് കടുത്ത വേനലിലും വെള്ളം വറ്റാറില്ല. ഒരു കുടം വെള്ളം കൊള്ളുന്ന കുഴിയിൽ നിന്ന് വെള്ളം സദാ ഒലിച്ചിറങ്ങും. തുടർച്ചയായി വെള്ളമെടുത്താലും രണ്ടോ മൂന്നോ മിനിട്ടുകൊണ്ട് കുഴി നിറയും.ഒരു കാലത്ത് ഈ ചുറ്റുവട്ടത്തുള്ള നൂറോളം കുടുംബങ്ങൾക്ക് കുടിക്കാനും കുളിക്കാനും ഏക ആശ്രയം ഈ നീർ കുഴിയായിരുന്നു. പിന്നീട് ഇവിടെ കുടിവെള്ള പദ്ധതി വന്നതോടെ നീരുറവ നാട്ടുകാർ അവഗണിച്ചു.എന്നാൽ ഈ നീരുറവ ഇപ്പോൾ പക്ഷികൾക്കും, മയിലുകൾക്കും, കുരങ്ങുകൾക്കും, കാട്ടുപന്നികൾക്കും കുടിവെള്ളത്തിനുള്ള ആശ്രയമാണ്. പ്രകൃതി ഒരുക്കുന്നതൊന്നും വെറുതെയല്ല എന്നതിന് തെളിവാണ് ഈ അത്ഭുത നീരുറവ.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.