ദുരിതയാത്രയ്ക്കും ടോൾ: മണ്ണുത്തി-വടക്കഞ്ചേരി പാതയിൽ ഗതാഗതക്കുരുക്കിൽ പെരുവഴിയിലായി യാത്രക്കാർ

വടക്കഞ്ചേരി : കല്ലിടുക്കില്‍ തിങ്കളാഴ്ച പുലർച്ചെ നാലിനു തുടങ്ങിയ കുരുക്ക് ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. കുരുക്ക് മറികടക്കാനായി വാഹനങ്ങള്‍ എതിർദിശയിലൂടെ സഞ്ചരിച്ചപ്പോള്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു.സമയത്തിന് ഓടിയെത്താൻ കഴിയാത്തതിനാല്‍ ചില സ്വകാര്യ ബസുകള്‍ സർവീസ് മുടക്കി. മേഖലയില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗതനിയന്ത്രണമാണ് കുരുക്കുണ്ടാകാൻ കാരണം. ഒരേസമയം ദേശീയപാതയുടെ ഇരുഭാഗങ്ങളും കള്‍വെർട്ട് നിർമാണത്തിനായി പൊളിച്ചതോടെയാണ് വാഹനങ്ങള്‍ കുടുങ്ങിയത്.കല്ലിടുക്കിനുപുറമേ വാണിയമ്പാറ, മുടിക്കോട് മേഖലകളില്‍ക്കൂടി അടിപ്പാതയുടെ നിർമാണം നടക്കുന്നുണ്ട്. മൂന്നു മേഖലകളിലും നിലവില്‍ ഗതാഗതം സർവീസ് റോഡിലൂടെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സർവീസ് റോഡ് തകർന്നതും പ്രതിസന്ധിക്ക് കാരണമായി. ദേശീയപാതയില്‍ 10 കിലോമീറ്ററിനുള്ളിലാണ് മൂന്ന് അടിപ്പാതകളുടെ നിർമാണവും നടക്കുന്നത്. *ദുരിതയാത്രയ്ക്കും പണം* സുഗമമായി യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് വാഹനങ്ങള്‍ ടോള്‍ നല്‍കുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ കുരുക്കില്‍ നട്ടംതിരിയുന്ന വാഹനങ്ങളും ഉയർന്ന ടോള്‍ നല്‍കേണ്ടിവരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്കും ബസുകള്‍ക്കുമാണ് ഏറെ ദുരിതം.നിർമാണം പൂർത്തിയാകുന്നതുവരെ ടോള്‍ നിരക്കില്‍ ഇളവ് വേണമെന്നത് ദീർഘകാല ആവശ്യമാണ്. ദേശീയപാത നിർമാണത്തിന് വേണ്ടി ഒരു പതിറ്റാണ്ടിലേറെ ദുരിതം അനുഭവിച്ച നാട്ടുകാരുടെ അവസ്ഥയിലും മാറ്റമില്ല. *സമയത്തിന്റെ വില* കുരുക്കില്‍പ്പെടുമ്പോള്‍ യാത്രക്കാർക്ക് സമയനഷ്ടവും ഉണ്ടാകുന്നുണ്ട്. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടവർക്ക് ഗതാഗതക്കുരുക്കുണ്ടായാല്‍ സമയത്ത് എത്താൻ കഴിയില്ല.പച്ചക്കറി ലോറികള്‍, നിശ്ചിത സമയത്തിനുള്ളില്‍ മാർക്കറ്റില്‍ കയറിയില്ലെങ്കില്‍ അന്നത്തെ കച്ചവടം നടക്കാതെ വരും. മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാർഥികളും കുരുക്കില്‍പ്പെടും.അതിവേഗ യാത്രയ്ക്കായി നിർമിച്ചതാണ് ദേശീയപാതകള്‍. എന്നാല്‍ ഇപ്പോള്‍ ജില്ലയില്‍ ദേശീയപാതയിലൂടെകടന്നുപോകേണ്ടിവരുന്നവർക്ക് സാമ്ബത്തിക നഷ്ടവും സമയനഷ്ടവും ബുദ്ധിമുട്ടുമാണ് ഉണ്ടാകുന്നത്. ദേശീയപാതയില്‍ അടിപ്പാത നിർമാണം പുരോഗമിക്കുന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തെക്കൻ ജില്ലകളിലേക്കും പോകുന്നവരും കോയമ്ബത്തൂർ, ബെംഗളൂരു ദീർഘദൂര യാത്രക്കാരും വഴിയില്‍ കുടുങ്ങുന്നു. തിങ്കളാഴ്ച രാവിലെ തൃശ്ശൂരില്‍നിന്ന് നെന്മാറ ഭാഗത്ത് എത്തേണ്ടിയിരുന്ന വിവാഹസംഘം അരമണിക്കൂർ വൈകി. ആലത്തൂരിലെ കോളേജില്‍ അധ്യാപക ഒഴിവിലേക്ക് അഭിമുഖത്തിന് ഉദ്യോഗാർഥിക്ക് സമയത്ത് എത്താനായില്ല.പാലക്കാട് കാഴ്ചപ്പറമ്പ്, കുഴല്‍മന്ദം, ആലത്തൂർ, വാണിയമ്പാറ, തൃശ്ശൂർ ജില്ലയിലെ മുടിക്കോട്, പട്ടിക്കാട് (കല്ലിടുക്ക്), ആമ്പല്ലൂർ, പേരാമ്പ്ര, ചിറങ്ങര എന്നിവിടങ്ങളിലാണ് അടിപ്പാത നിർമാണം ആരംഭിച്ചത്. മുരിങ്ങൂരും കൊരട്ടിയിലുംകൂടി അടിപ്പാത നിർമാണം ആരംഭിക്കാനുണ്ട്. ദേശീയപാതയിലെ സ്പീഡ് ട്രാക്ക് പൊളിച്ച്‌ അടിപ്പാതയ്ക്കുള്ള പാലം പണി ആരംഭിച്ചതോടെയാണ് ഗതാഗതം ദുഷ്കരമായത്. പണിപൂർത്തിയാകാത്ത സർവീസ് പാതയിലേക്ക് ഗതാഗതം തിരിച്ചുവിട്ടതാണ് യാത്രാദുരിതത്തിനു കാരണം. കാഴ്ചപ്പറമ്പിലും കുഴല്‍മന്ദത്തും വാണിയമ്പാറയിലും ഗതാഗതം മന്ദഗതിയിലാണ് മിക്കപ്പോഴും. ആലത്തൂരില്‍ സർവീസ് പാത നിർമാണം പുരോഗമിക്കുന്നതേയുള്ളൂയെന്നതിനാല്‍ സ്പീഡ് ട്രാക്ക് പൊളിച്ച്‌ പാലം പണി തുടങ്ങിയിട്ടില്ല. *മിക്കപ്പോഴും കുരുക്ക്* മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. ഞായറാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച ഉച്ചവരെ വൻഗതാഗതക്കുരുക്കായിരുന്നു ഇവിടെ. ആമ്പല്ലൂരും പേരാമ്പ്രയിലും ചിറങ്ങരയിലും മണിക്കൂറുകള്‍ വാഹനങ്ങള്‍ കുടുങ്ങി. ആലപ്പുഴ-തിരുവന്തപുരം ദേശീയപാതയിലും പണിനടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മിക്കവരും അങ്കമാലിയില്‍നിന്ന് എംസി റോഡ് വഴിയാണ് പോകുക. ഈ വാഹനങ്ങള്‍കൂടി എത്തുന്നതോടെ അങ്കമാലി, കാലടി ടൗണുകളും കാലടിപ്പാലവും കടന്നുകിട്ടാൻ വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. മൂവാറ്റുപുഴ ടൗണില്‍ പാതകള്‍ നവീകരിക്കുന്നതിനാല്‍ കോട്ടയം, പാലാ ഭാഗത്തേക്കുള്ള യാത്രയും ദുഷ്കരം.നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് ചങ്കിടിപ്പാണ്. ഇന്തോ-പാക് സംഘർഷ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ മൂന്നുമണിക്കൂർ നേരത്തേയെത്തണം. ഗതാഗതക്കുരുക്കില്‍ പെട്ടുപോകുകയാണ് പലരും. പ്രാദേശികമായ പാതകള്‍ അറിയാവുന്ന ടാക്സി ഡ്രൈവർമാർ പ്രധാനപാത വിട്ട് പല ഊടുവഴികഴികളും കയറിയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. കുരുക്കഴിച്ച്‌ പോകാൻ കാർ ഉപേക്ഷിച്ച്‌ ഇരുചക്ര വാഹനത്തില്‍ ലഗേജ് കെട്ടിവെച്ച്‌ പോകുന്നുവരുണ്ട്. *പൂർത്തിയാക്കാത്ത സർവീസ് പാത* മുൻപ്, ദേശീയപാതയുടെ പണിപൂർത്തിയാകാതെ കിടന്ന സമയത്ത് കുതിരാനിലും പട്ടിക്കാട്ടും ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നതിന് സമാനമായ സാഹചര്യമാണ് മിക്ക ദിവസവും. സർവീസ് പാതയുടെ പണിപൂർത്തിയാക്കാതെ സ്പീഡ് ട്രാക്ക് പൊളിച്ചതാണ് കാരണം. മഴക്കാലം ആരംഭിക്കുന്നതോടെ കൂടുതല്‍ ദുരിതമാകും. വാളയാർ, പന്നിയങ്കര, പാലിയേക്കര ടോള്‍ ബൂത്തുകളില്‍ വലിയ തുക ടോള്‍ കൊടുത്തുവരുന്ന യാത്രക്കാർക്ക് പണനഷ്ടവും സമയനഷ്ടവും മാത്രം. അടിപ്പാത നിർമിക്കുന്ന ഇടങ്ങളില്‍ രണ്ടുവശത്തും ഇരട്ടവരി സർവീസ് പാതയുടെ പണി പൂർണമായി തീർക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എല്ലാ പണികളും ഒരുമിച്ചേ തീരൂവെന്നാണ് ദേശീയപാതാ അതോറിറ്റി, കരാർ കമ്ബനി അധികാരികളുടെ വിശദീകരണം. *അന്ത്യമില്ലാത്ത ദുരിതയാത്ര* ”ആഴ്ചയില്‍ നാലു ദിവസമെങ്കിലും ഈ റോഡിലൂടെ ലോഡ് കൊണ്ടുവരാറുണ്ട്. എപ്പോഴാണ് കുരുക്കുണ്ടാവുകയെന്ന് പറയാൻ കഴിയില്ല. ചെറുവാഹനങ്ങള്‍പോലെ മറ്റ് വഴികളിലൂടെ പോകാൻ ഞങ്ങള്‍ക്ക് കഴിയില്ല. ഭക്ഷണം പോലും കഴിക്കാനാവാതെ, പ്രഭാതകൃത്യങ്ങള്‍ നിർവഹിക്കാനാവാതെ മണിക്കൂറുകളോളം ഈ റോഡില്‍ ഗതാഗതക്കുരുക്കില്‍ കിടന്നിട്ടുണ്ട്. ദീർഘദൂര ചരക്കുലോറികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയശേഷം ഏറ്റവും അടുത്ത സമയത്ത് പുതിയ ലോഡ് കയറ്റി പുറപ്പെടുന്നതാണ് പതിവ്. ഗതാഗതക്കുരുക്ക് ഇതിനേയും ബാധിക്കും.” – എ.ആർ. രതീഷ്, ലോറി ഡ്രൈവർ. *ഓടിയെത്താൻ കഴിയുന്നില്ല* ”സമയത്തിന് സർവീസ് പൂർത്തിയാക്കാൻ കഴിയുന്നില്ല. പകുതി യാത്രക്കാർ പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കുമ്ബോള്‍ ബാക്കി തുക മടക്കി നല്‍കണം. സ്റ്റാൻഡില്‍ എത്തിയാല്‍ തിരിച്ചു പുറപ്പെടാൻ പത്തും പതിനഞ്ചു മിനിറ്റ് മാത്രമുള്ളപ്പോഴാണ് ഏറെ പ്രതിസന്ധി. ഈ സാഹചര്യത്തില്‍ ഒരു ട്രിപ്പ് പൂർണമായും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. രാവിലെയും വൈകുന്നേരവും ആണ് ഏറ്റവും അധികം യാത്രക്കാർ ഉണ്ടാവാറുള്ളത്. ഈ സമയത്ത് തന്നെയാണ് ഗതാഗതക്കുരുക്കും. ബസിന് ഉണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ നഷ്ടം ഇതിനുപുറമെയാണ്.” – മഹേഷ്, ബസ് ഡ്രൈവർ. *അധികൃതർ ഇടപെടണം* ”കല്ലിടുക്കില്‍ നിർമാണം പുരോഗമിക്കുന്ന അടിപ്പാത അവസാനിക്കുന്നത് താണിപ്പാടത്താണ്. കല്ലിടുക്ക്, തെക്കുംപാടം, മയിലാട്ടുംപാറ, ആയോട് മേഖലകളിലുള്ളവർക്ക് ദേശീയപാത മുറിച്ചു കടക്കാൻ കഴിയുക ഒന്നര കിലോമീറ്റർ പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ചതിനുശേഷമാണ്. തിരിച്ചും ഇത്ര ദൂരം വരേണ്ടിവരും. ചുരുക്കത്തില്‍ റേഷൻ കടയില്‍ വന്ന് സൗജന്യമായി അരി വാങ്ങുന്ന സാധാരണക്കാർക്ക് വീട്ടിലെത്താൻ 60 മുതല്‍ 100 രൂപ വരെ ചെലവാക്കേണ്ട സ്ഥിതിയാണ്. പ്രശ്നത്തിന് എത്രയും വേഗം അധികൃതർ പരിഹാരം കാണണം.” – അജു തോമസ്, റേഷൻ വ്യാപാരി.